അന്താരാഷ്‌‌ട്ര ബഹിരാകാശ നിലയത്തിനകത്തേക്ക് കയറിയത് ഡാൻസ് കളിച്ച്, സുനിത വില്യംസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

Friday 07 June 2024 3:55 PM IST

ഫ്ളോറിഡ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ സഹയാത്രികൻ ബുച് വിൽമോറിനൊപ്പമാണ് സുനിത ഇവിടെയെത്തിയത്. എന്നാൽ എങ്ങനെയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത പ്രവേശിച്ചത് എന്നത് ശ്രദ്ധ നേടുകയാണ്. ഒരു ബെല്ലിന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്ന സുനിത നൃത്തം ചെയ്‌താണ് വന്നത്. തന്റെ മൂന്നാം വരവ് അവർ ആഘോഷമാക്കിയത്.

നാസയിലെ വളരെ മുതിർന്ന ശാസ്‌ത്രജ്ഞരിൽപെട്ടവരാണ് സുനിതയും ബുച്ചും. സുനിത പുറപ്പെട്ട സാ‌റ്റാർ‌ലൈനർ വിജയകരമായി ഡോക്ക് ചെയ്‌ത ശേഷം ഇവർ‌ പുറത്തുവരികയായിരുന്നു. ഇന്ത്യൻ സമയം 11.07നാണ് ഒരു മണിക്കൂറോളം വൈകി സ്റ്റാർലൈനർ അന്താരാഷ്‌ട്ര നിലയത്തിൽ എത്തിയത്. 26 മണിക്കൂറോളം സമയമെടുത്ത ശേഷമാണ് പേടകം ഐഎസ്‌എസിൽ ഡോക് ചെയ്‌തത്.

അകത്തേക്ക് പ്രവേശിച്ച ,സുനിത ഹാർമണി മൊഡ്യൂളിൽ പ്രവേശിച്ചപ്പോൾ ഐ എസ് എസിലെ യാതക്കാരായ ഏഴുപേർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. ബെൽ മുഴക്കിയശേഷം പ്രവേശിക്കുന്ന രീതിയിലായിരുന്നു അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലുള്ളത്. ആദ്യം സുനിതയും പിന്നാലെ ബുച് വിൽമോറും നിലയത്തിലേക്ക് പ്രവേശിച്ചു. ഡാൻസ് കളിച്ച ശേഷം സ്റ്റേഷനിലെ യാത്രികരെ സന്തോഷത്തോടെ പുണരുന്നതും കാണാം.

കഴിഞ്ഞ രണ്ട് മിഷനുകളിലായി 322 ദിവസങ്ങളാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് തങ്ങിയത്. 2006ലാണ് സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. 2012ലാണ് രണ്ടാമത്തെത്. ഏഴോളം സ്‌പേസ് നടത്തങ്ങളും ഇവർ പൂർത്തിയാക്കി. സുനിതയുടെ നൃത്തം വലിയ സന്തോഷത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തത്. 2.7 ലക്ഷം പേരാണ് മണിക്കൂറുൾക്കകം വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും വന്നു.

വാണിജ്യ ആവശ്യങ്ങൾക്ക് സ്റ്റാർ ലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണയാത്രയാണ് ഇപ്പോൾ നടത്തിയത്. ഇതിലാണ് സുനിതാ വില്യംസ് പങ്കെടുത്തത്.

Advertisement
Advertisement