വായിൽ കിട്ടുന്നതെന്തിനെയും തിന്നും, വെള്ളത്തിൽ നീന്തും കരയിലും കഴിയും, പുഴകളിൽ ഭീഷണിയായി പാമ്പിന്റെ രൂപമുള്ള ജീവി

Friday 07 June 2024 4:56 PM IST

മിസൗറി: കണ്ടാൽ പാമ്പിനെപ്പോലെ. തലയുടെ പിന്നിൽ നിന്നും പിറകിലേക്ക് പക്ഷെ സ്രാവുകൾക്കെല്ലാമുള്ള പോലെ ഫിന്നുകളുമുണ്ട്. സ്‌നേക് ഹെഡ് ഫിഷ് എന്ന കൊടുംഭീകരനായൊരു തരം മത്സ്യത്തെകുറിച്ചാണ് ഇവിടെ പറയുന്നത്. പാമ്പ്‌തലയൻ മീനുകൾ അഥവാ വാകകൾ അമേരിക്കൻ സംസ്ഥാനമായ മിസൗറിയിലെ പുഴകളിലും കുളങ്ങളിലും വ്യാപകമാകുന്നു എന്ന ആശങ്കാജനകമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇവയ്‌ക്ക് വെള്ളത്തിൽ വേഗത്തിൽ നീന്താനും കരയിൽ ഇഴഞ്ഞുകയറി സഞ്ചരിക്കാനുമാകും. ഇവയ്‌ക്ക് മത്സ്യങ്ങളെ പോലെ ചെകിളപ്പൂക്കളിലൂടെയും നേരിട്ടും ശ്വസിക്കാൻ കഴിവുണ്ട്.

വരണ്ടുണങ്ങിയ ഭൂമിക്കടിയിലും ചെളിവെള്ളത്തിലും വളരാനും ആ പ്രദേശത്തെ പ്രാദേശിക ജീവജാലങ്ങളെയെല്ലാം കൊല്ലാനും ഇവ സമർത്ഥരാണ്. പരിസ്ഥിതിയ്‌ക്ക് വലിയ നാശമാണ് പെരുമ്പാമ്പിന്റേതിന് സമാനമായ മുഖമുള്ള ഈ ജന്തുക്കൾ. ഒരു ചൂണ്ടയിൽ കുരുങ്ങിയ മീൻ മിനിട്ടുകൾക്കകം ചാവുമെന്ന് കരുതിയെങ്കിലും മണിക്കൂറുകളോളം അത് ജീവനോടെയിരുന്നു. ഇവയുടെ വായിൽ ശക്തമായ മൂർച്ചയുള്ള പല്ലുണ്ട്. ചെറുമത്സ്യങ്ങളെ മാത്രമല്ല, സസ്‌തനികൾ, ചെറിയ പക്ഷികൾ എന്നിവയെ വാക മീൻ പിടിച്ചുതിന്നും.

ഇവയെ പിടികൂടുന്നവർ കൊല്ലണമെന്നാണ് മിസൗറി പരിസ്ഥിതി സംരക്ഷണ വിഭാഗം ആവശ്യപ്പെടുന്നത്. ചൈന, റഷ്യ, കൊറിയയടക്കം നാടുകളിൽ കാണുന്ന ഇവ മൂന്നടിയോളം നീളം വയ്‌ക്കും. 2000 മുതൽ ഇവയെ അമേരിക്കയിൽ കാണുന്നുണ്ട്. 20 കിലോയോളം ഭാരവുമുണ്ടാകും. വലിയ പല്ലുകളുള്ള കൊടുംഭീകരനായ ഇവയെ ഫിഷ്‌ സില്ല എന്ന് വിളിക്കാറുണ്ട്. ഒരുവർഷത്തിൽ മൂന്നുവട്ടം മുട്ടയിടും.1500 മുട്ടവരെ ഉണ്ടാകാറുണ്ട്. പ്രകൃതിദത്തമായി ഇവയ്‌ക്ക് ശത്രുക്കളില്ല. മനുഷ്യർ മാത്രമാണ് ഇവയെ പിടിക്കാറ്.

Advertisement
Advertisement