പുരോഹിതന്മാരിലും വിവരദോഷികള്‍ ഉണ്ടാവും, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരെ മുഖ്യമന്ത്രി

Friday 07 June 2024 5:45 PM IST

തിരുവനന്തപുരം: യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്മാരിലും വിവരദോഷികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ മെത്രാപ്പൊലീത്ത നടത്തിയ വിമര്‍ശനത്തെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2023-24 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നുമാണ് ആ പുരോഹിതന്‍ പറഞ്ഞതായി കേട്ടത്. പുരോഹിതന്‍മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്, പിണറായി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡിഎ കൃത്യമായി ലഭിക്കുന്നതിന് പ്രയാസം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എല്ലാക്കാലത്തും ആ വിഷമം ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടിവരില്ല. ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍കാരുടെ ഡിആറിനും ഈ കാലയളവില്‍ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത് കൊടുക്കുന്നതിനും സാഹചര്യം അനുകൂലമായി മാറുമെന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയായിരുന്നു മെത്രാപൊലീത്തയുടെ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും, ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍നിന്ന് പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.