കുമരകം റോഡിൽ സംരക്ഷണഭിത്തിയില്ല..... കണ്ണൊന്ന് തെറ്റിയാൽ ദേ തോട്ടിലേക്ക് വീഴും

Saturday 08 June 2024 12:08 AM IST

കുമരകം : ഭീതിയോടെയാണ് ഇതുവഴിയുള്ള യാത്ര. വലിയ വാഹനങ്ങൾ വന്നാൽ പെട്ടുപോകും. ശ്രദ്ധയൊന്ന് തെറ്റിയാൽ തോട്ടിലേക്ക് വീഴും.

ഏറെ തിരക്കുള്ള കോട്ടയം - കുമരകം റോഡിൽ അപകടങ്ങൾ പതിവായിട്ടും സംരക്ഷണഭിത്തി നിർമ്മാണം അധികൃതർ ആലോചിച്ചിട്ടേയില്ല.

കുമരകം ചന്തക്കല ഭാഗത്തെ ഗുരുമന്ദിരം മുതൽ കവലയ്ക്കൽ പാലത്തിന്റെ പ്രവേശനപാത വരെ 300 മീറ്ററോളം ദൂരം ആറ്റുതീരത്തോട് ചേർന്ന് കിടക്കുകയാണ്. ചന്തയിലെ നടപ്പാലം മുതൽ ബേക്കറി വരെയുള്ള തോട്ടുവക്കിൽ സംരക്ഷണ ഭിത്തിയുണ്ടെങ്കിലും ഉയരമില്ല. കൽക്കെട്ടും അടർന്നുപോയ നിലയിലാണ്. ഈ ഭാഗത്താണ് കഴിഞ്ഞ ബുധനാഴ്ച അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ തോട്ടിലേക്ക് വീണത്. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. വലിയ ചരക്കുവാഹനങ്ങൾ, കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ എന്നിവ തോട്ടിലേക്ക് വീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.

മുന്നറിയിപ്പ് ബോർഡുകളും തകർന്നു

ചെങ്ങളം മൂന്നുമൂല മുതൽ ആറ്റാമംഗലം പള്ളിവരെയും, കുമരകം ബോട്ടുജെട്ടി മുതൽ കൈപ്പുഴമുട്ട് വരെയുള്ള ഭാഗങ്ങളിലും ഒരുവശം ഇടത്തോടുകളും പാടശേഖരങ്ങളുമാണ്. 13 വർഷം മുമ്പ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡുകൾ തകർന്ന നിലയിലാണ്. ക്രാഷ് ബാരിയർ ഇല്ലാത്തതിനാൽ നിയന്ത്രണം വിട്ട വാഹനങ്ങൾ പാടത്തേയ്ക്ക് മറിയും.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.

''തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിന് പരിഹാരം കാണാൻ അടിയന്തരമായി ക്രാഷ്ബാരിയറുകൾ സ്ഥാപിക്കണം. ചെറുവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടത്തിന് ആക്കം കൂട്ടുന്നു.

-രാജേഷ്, ചെങ്ങളം

Advertisement
Advertisement