നഷ്ടമായത് രണ്ട് ജീവനുകൾ , അട്ടപ്പാടിയിൽ ആശങ്കയായി അരിവാൾ രോഗവ്യാപനം

Saturday 08 June 2024 12:49 AM IST

അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തി വീണ്ടും ആദിവാസി ഊരുകളിൽ അരിവാൾ രോഗബാധ വ്യാപനം. ചെറുപ്പം മുതൽ രോഗത്തിന് ചികിത്സ തേടുന്നവരുടെ മരുന്ന് പോലും കൃത്യമായി വിതരണം ചെയ്യാതെ ഭരണകൂടം. ഈ മാസം ആദ്യം രോഗബാധയിൽ രണ്ട് യുവതികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശരീരം തളർത്തുന്ന വേദന, രക്തത്തിലുൾപ്പെടെ നിരന്തരമുണ്ടാവുന്ന മാറ്റം. ഏത് സമയത്തും തളർന്ന് വീഴാവുന്ന സാഹചര്യം. അരിവാൾ രോഗബാധ സ്ഥിരീകരിച്ചാൽ പിന്നെ ജീവിതം തന്നെ താറുമാറാവുന്ന സ്ഥിതിയാണ്. വയനാട്ടിലും അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും നേരത്തെ രോഗം പടരുകയും പിന്നീട് തീവ്ര ശ്രമങ്ങളിലൂടെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഊർജിത പ്രതിരോധമെന്ന് പറയുമ്പോഴും പലപ്പോഴും വേദനസംഹാരി പോലും കിട്ടാൻ പ്രതിസന്ധിയുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. അട്ടപ്പാടിയിൽ രോഗവാഹകരും രോഗികളുമായി നാനൂറിലേറെ ആളുകളുണ്ടെന്നാണ് കണക്ക്. ഒന്നിലേറെ പദ്ധതികളുണ്ടായിരുന്നെങ്കിലും കൃത്യമായ രക്തപരിശോധന നടത്തി രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും കണ്ടെത്താൻ ശ്രമമില്ലെന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച എന്നറിയപ്പെടുന്നത്.

പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികൾ

2047ഓടെ രാജ്യത്ത് അരിവാൾരോഗം തുടച്ചുനീക്കുമെന്നത് 2023ൽ കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന ബഡ്ജറ്റിലും പദ്ധതി പ്രഖ്യാപനമുണ്ടായി. പക്ഷേ, ഈ പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിന്നു. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികളാണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ 2014ലാണ് അരിവാൾരോഗം കണ്ടെത്തിയത്. ഇതിൽ അട്ടപ്പാടിയിലെയും വയനാട്ടിലെയും ഗോത്രവർഗക്കാരിലാണ് രോഗം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തുള്ള 1200 അരിവാൾ രോഗികളിൽ വയനാട്ടിൽ 1057 പേരും അട്ടപ്പാടിയിൽ 128 പേരുമായിരുന്നു. ഇതുവരെ 198 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ കഴിഞ്ഞ വർഷവും ഒരാൾ ഈ വർഷവും മരിച്ചു.

അരിവാൾ രോഗം സ്ഥിരീകരിച്ചവർക്ക് മരുന്നും പെൻഷനും കിട്ടുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. 2014ൽ ഗതാഗത സൗകര്യമില്ലാത്ത ഊരുകളിലൊന്നും വ്യക്തമായ പരിശോധന നടന്നില്ല. പിന്നീട് ആശുപത്രികളിൽ വിവിധ രോഗങ്ങളുമായി എത്തുന്നവരെ പരിശോധിച്ചതിലാണ് ഐ.ടി.ഡി.പിയുടെ കണക്കിൽ 156 പേരുണ്ടെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇലക്ട്രോഫോഴ്സസ് മെഷീനുപയോഗിച്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലും നാല് ഊരുകളിലും പരിശോധന നടത്തിയിരുന്നു. ഇതിൽ 160ഓളം പേരിൽ രോഗം സ്ഥിരീകരിച്ചു. വീണ്ടും പരിശോധന വേണമെന്നും ഇതിനായി രക്തസാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള പാത്തോളജി ലാബിലെത്തിച്ച് പരിശോധിക്കണമെന്നും അന്നത്തെ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. അരിവാൾ രോഗ നിർണയത്തിനായി കേന്ദ്രപദ്ധതി വരുന്നതിനാൽ ഊരുകളിൽ പോയുള്ള പരിശോധന നിർത്തിവെയ്ക്കാൻ നിർദ്ദേശമുണ്ടായി. ഇതിനിടയിൽ ഷോളയൂർ കുടുംബരോഗ്യകേന്ദ്രത്തിലും രോഗനിർണയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതോടെ പരിശോധനകൾ നിലച്ചു. നിലവിൽ ലക്ഷണങ്ങളോടെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരെ മാത്രമാണ് പരിശോധിക്കുന്നത്.

പേരിനുണ്ട് ആറ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ

അട്ടപ്പാടിയ്ക്കായി ആറ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയായി ഒരു അരിവാൾ രോഗിയെപ്പോലും കണ്ടെത്താൻ ഇവയ്ക്കായിട്ടില്ല. കഴിഞ്ഞ വർഷം ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മൂന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റിനായി വാഹനങ്ങൾ നൽകി. ഇതിൽ ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനുമടങ്ങുന്ന സംഘമാണ് ഊരുകളിലെത്തുന്നത്. രാവിലെ പത്തരയോടെ ഊരുകളിലേക്ക് പുറപ്പെടും. ഊരുകളിലുള്ളവരാകട്ടെ രാവിലെ എട്ടുമണിയോടെ കന്നുകാലികളുമായി വനത്തിൽ പോയിട്ടുണ്ടാവും. 11.30ഓടെ ഊരുകളിലെത്തുന്ന മെഡിക്കൽ യൂണിറ്റുകൾ അരമണിക്കൂർ മാത്രം നിന്നിട്ട് തിരിച്ചു പോകുന്നതാണ് പതിവെന്ന് ഊരു നിവാസികൾ തന്നെ പറയുന്നു. മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ രക്തം പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും ഇതുവരെയായി അത് നടത്തിയിട്ടില്ല. ഊരുകളിലെത്തുമ്പോൾ വാഹനത്തിലെ യന്ത്രത്തിന് കുലുക്കമുണ്ടാവുന്നതിനാൽ രക്തപരിശോധനയുടെ വ്യക്തമായ ഫലം ലഭിക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള രണ്ട് മൊബൈൽ യൂണിറ്റുകൾ ഊരുകളിൽ കണ്ടിട്ടേയില്ല. ഡോക്ടർ തിരുവനന്തപുരത്ത് പരിശീലനത്തിലാണെന്നതിനാൽ കഴിഞ്ഞയാഴ്ച ഇവ ഒരു ദിവസംപോലും ഊരുകളിലെത്തിയില്ല. ഈ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ അരിവാൾ രോഗികൾക്ക് നൽകാനുള്ള മരുന്നുണ്ട്. ഇത് ഊരുകളിലെത്താത്തതിനാൽ രോഗബാധിതർ ആശുപത്രികളിലെത്തിയാണ് മരുന്നുകൾ വാങ്ങുന്നത്. ഐ.ടി.ഡി.പി.യുടെ ഒരു മൊബൈൽ യൂണിറ്റും അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്.

അട്ടപ്പാടിയിൽ അവസ്ഥ ദയനീയം

ഓരോ ശിശുമരണം ഉണ്ടാകുമ്പോഴും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്ന അധികാരികൾ അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപിക്കുന്നതു ഗൗരവമായി കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുസംബന്ധിച്ച് ആരംഭിച്ച പഠനങ്ങൾ പലതും നിലച്ച സ്ഥിതിയാണ്. അട്ടപ്പാടിയിൽ അരിവാൾ രോഗം നിർണയിക്കാനുള്ള പരിശോധന ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴേക്കും നിലച്ചത് ആ ദയനീയാവസ്ഥ വ്യക്തമാക്കുന്നുണ്ട്. 2022ൽ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുടക്കത്തിലേ നിലച്ചത്. അരിവാൾ രോഗത്തിന്റെ പ്രാഥമിക രക്തപരിശോധന നടത്തുന്നതാണ് സോലിബിലിറ്റി ടെസ്റ്റ്. പൂർണ സ്ഥിരീകരണത്തിന് ഇലക്‌ട്രോ ഫോസസ് എന്ന പരിശോധനയും നടത്തണം. രോഗം സ്ഥിരീകരിക്കാനുള്ള ഇലക്ട്രോ ഫോസസ് യന്ത്രം 2022 ഒക്ടോബറിൽ കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു. ശേഷം രണ്ട് ബുധനാഴ്ചകളിലായി 200 പേരെയും പരിശോധിച്ചു. പിന്നീട് പരിശോധന തുടരുന്നതിന് കിറ്റ് ലഭിച്ചില്ല. കിറ്റ് വാങ്ങുന്നതിനുള്ള ഫണ്ട് ആരോഗ്യ വകുപ്പോ പട്ടികവർഗ വകുപ്പോ നൽകിയതുമില്ല. 200 പേരെ പരിശോധിച്ചതിൽ 20 ശതമാനം പേരിൽ സിക്കിൾ സെൽ അനീമിയ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും സിക്കിൾ സെൽ വാഹകരാണ്. അട്ടപ്പാടിയിലെ മുപ്പതിനായിരത്തോളം പേരെ പരിശോധിക്കാൻ 1500 കിറ്റുകൾ വേണം. രണ്ട് കോടി രൂപയുണ്ടെങ്കിൽ കിറ്റ് വാങ്ങാം. മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സമയബന്ധിതമായി അരിവാൾ രോഗ നിർണയം പൂർത്തിയാക്കാൻ കഴിയും. സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് ഇപ്പോൾ ഉരുന്ന പ്രധാനം ആവശ്യം.

രോഗികളിൽ ഗർഭിണികളും

ശരീരം കൊത്തിവലിക്കുന്ന അരിവാൾ രോഗത്തിന്റെ വേദന അനുഭവിക്കുന്ന 190 പേർ അട്ടപ്പാടിയിലുണ്ടെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയ എം.ജി.ഒകൾ വ്യക്തമാക്കുന്നത്. നവജാത ശിശുമരണവും അമ്മമാരുടെ അരിവാൾ രോഗവും തമ്മിൽ ബന്ധമുണ്ടെന്നു പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പത്തോളം ഗർഭിണികൾ അരിവാൾ രോഗബാധിതരാണ്. അരിവാൾ രോഗികൾ തീവ്രമായ ശാരീരിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുമാണ്. സഹിക്കാൻ കഴിയാത്ത ശരീരവേദന പലപ്പോഴും ഉണ്ടാകും. മലബാർ കാൻസർ സെന്ററിന്റെ സഹായത്തോടെ അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തുടങ്ങിയ പഠനം ഗൗരവതരമായ സൂചനകളാണു നൽകിയിരുന്നത്. അരിവാൾ രോഗികൾ പരസ്പരം വിവാഹിതരാകുന്നത് ഒഴിവാക്കണം. ഗർഭകാലത്ത് മിക്ക സ്ത്രീകളിലും രക്തസമ്മർദ്ദം കൂടുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇതോടെ പ്രസവം നേരത്തെയാകും. രോഗബാധിതർക്ക് ഐ.ടി.ഡി.പി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നുണ്ട് പദ്ധതി നിലവിലുണ്ടെങ്കിലും സഹായം നിലച്ചിട്ട് മാസങ്ങളായി. സർക്കാർ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണം.

Advertisement
Advertisement