കുതിച്ചുയർന്ന് സൈബർ കേസുകൾ

Saturday 08 June 2024 1:54 AM IST

ആധുനിക സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി വിവരസാങ്കേതികവിദ്യ മാറിയിരിക്കുകയാണ്. നല്ല വശങ്ങൾ ഏറെയുണ്ടെങ്കിലും ഇവ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയും വർദ്ധിക്കുന്ന കാഴ്ചയാണ് സമീപകാലങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവയെല്ലാം നിത്യജീവിതത്തിൽ അനിവാര്യമായിക്കഴിഞ്ഞു. എന്നാൽ ഇവയുടെ അനിയന്ത്രിതമായ ഉപയോഗം പലപ്പോഴും അപകടത്തിലേക്ക് നയിച്ചേക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂട്ടുപിടിച്ച് സെെബർ തട്ടിപ്പുകളും സംസ്ഥാനത്ത് കൂടി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കുന്ന സംഘങ്ങളും നിലവിലുണ്ട്. പണം ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ആസ്വാദനം കണ്ടെത്തുന്ന കുട്ടികൾ ധനസമ്പാദനത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കുതിച്ചുയർന്ന് കേസുകൾ

2019 മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിച്ചാൽ ഗണ്യമായ വർദ്ധനവ് കാണാം. 2019ൽ 307 സൈബർ കുറ്റകൃത്യങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 2020 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 426 ആയി ഉയർന്നു. 2021, 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 626, 773, 3295 എന്നിങ്ങനെയായിരുന്നു. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം കേസുകളുടെ എണ്ണം 1,144 ആണ്. ജാഗ്രത നിർദ്ദേശം നൽകിയിട്ടും സെെബർ തട്ടിപ്പുകളിൽ കുടുങ്ങുന്നവന്നവരുടെ എണ്ണം കൂടുന്നത് വിചിത്രമാണ്.

കൗമാരക്കാരെ

കരുതലോടെ

നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണതയും കൗമാരക്കാരിൽ പൊതുവെ കൂടുതലാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ മനശാസ്ത്രപരമായി വേണം ഇത്തരം കാര്യങ്ങളിൽ കുട്ടികളെ സമീപിക്കാൻ. അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ മറ്റൊരാൾ ഫോണിലേക്ക് അയച്ചാൽ എന്തൊക്കെ ചെയ്യണമെന്ന് കുട്ടികളെ ചെറുപ്പത്തിൽ തന്നെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. ഇതിന്റെ നിയമപരമായ പരിണിത ഫലങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് കുട്ടികളെ സഹായിക്കാൻ അദ്ധ്യാപകരും രക്ഷകർത്താക്കളും ബാദ്ധ്യസ്ഥരാണ്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയമില്ലാത്തവരുമായി ആശയവിനിമയം നടത്തുമ്പോൾ വ്യക്തിപരമായ വിവരങ്ങൾ കൈമാറരുതെന്ന ബോദ്ധ്യം ഉണ്ടാവണം. മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയുമുള്ള അപവാദ ഫോട്ടോ പ്രചരിചരണത്തിനിരയായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ആത്മഹത്യയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അന്തസും അഭിമാനവും സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

കാലാനുസൃതമായ പുരോഗതിയ്ക്കായി നാം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ നമ്മുടെ ശത്രുക്കളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. സൈബർ കെണിയിൽ അകപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ മാറ്റി നിറുത്താതെ കൗൺസിലിംഗിന് വിധേയമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമങ്ങളും ഊർജിതമാക്കണം. അധിക്ഷേപങ്ങളിൽ തളരാതെ ശക്തമായി പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാനും തയ്യാറാകില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം, കേസ് നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ എന്നിവയും സൈബർ കേസുകളെ കൂടുതൽ സങ്കീർണമാക്കുന്നു.

സെെബറിടത്ത് ശ്രദ്ധ വേണം

മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിംഗിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ-മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും, അശ്ലീല ചിത്രങ്ങളും വീഡിയോകളും, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽപ്പെടുന്നവയാണ്. സൈബർ ഇടത്തുകൂടി ഇത്തരത്തിൽ പുറത്ത് വിടുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ നിരവധി പേരിലേക്ക് എത്തുകയും ചെയ്യും. പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്നതും ലജ്ജാകരമാണ്. ഒരാളുടെ പാസ്‌വേഡ് ചോർത്തിയെടുക്കുകയോ മാറ്റുകയോ ചെയ്ത് വിവരങ്ങൾ കോപ്പി ചെയ്യുന്നതും തിരുത്തുന്നതും ഇല്ലാതാക്കുന്നതും കുറ്റകൃത്യമാണ്. മൊബൈൽഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിൽ സംഭാഷണം റെക്കോർഡ് ചെയ്യുന്നതും ചിത്രങ്ങൾ എടുക്കുന്നതും ഇതിന്റെ പരിധിയിൽപ്പെടും. കുട്ടികളെ വഴിതെറ്റിക്കാനായി അശ്ലീലച്ചുവയുള്ള ചിത്രങ്ങളോ മറ്റോ ഡൗൺലോഡ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും കാണുന്നതും സൈബർ കുറ്റം തന്നെയാണ്. മൊബൈൽ ഫോൺ, വാട്സ്ആപ്പ്, സ്‌കൈപ്പ്, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുകയെന്നത് മാത്രമാണ് പോംവഴി. അശ്രദ്ധമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

പരാതിയുണ്ടോ... കേസെടുക്കാം

ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം പിഴയും ശിക്ഷ ലഭിക്കും. തെളിവുകളായി സ്‌ക്രീൻ ഷോട്ട്, ശബ്ദ റെക്കോർഡ് സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, https://cyberdome.kerala.gov.in, https://cybercrime.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയോ പരാതി നൽകാം. 112 ആണ് സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ. രാജ്യം നമുക്ക് നൽകുന്ന നിയമ പരിരക്ഷകളെക്കുറിച്ച് ഓരോ പൗരനും വ്യക്തമായ അവബോധം ഉണ്ടാകണം. സൈബറിടങ്ങളിലെ ചതിക്കുഴികളെ മുൻകൂട്ടിയറിഞ്ഞ് അതിനനുസൃതമായി വേണം മുന്നോട്ട് പോവാൻ. തെറ്റ് ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും മറിച്ച് ഇരകളല്ലെന്നുമുള്ള ധാരണ ചെറുപ്പം മുതലേ വളർത്തിയെടുത്താൽ ഇതുമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.

Advertisement
Advertisement