"സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ,​ വിജയിച്ചത് നല്ല മനുഷ്യനായത് കൊണ്ട് "

Friday 07 June 2024 7:25 PM IST

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിച്ചത് നല്ല മനുഷ്യനായതു കൊണ്ടാണെന്ന് നടൻ അലൻസിയർ പറഞ്ഞു. പുതിയചിത്രം ഗോളത്തിന്റെ പ്രത്യേക ഷോ കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് അലൻസിയറിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ വോട്ടിട്ടത് എന്നും അലൻസിയർ പറഞ്ഞു.

" സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടേ,​ ഇന്ത്യ ഭരിക്കാൻ ബി.ജെ.പിക്ക് അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ? അദ്ദേഹം ഇന്ത്യൻ പൗരനല്ലേ?​,​ ബി.ജെ.പി എന്ന പാർട്ടിയെ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല,​ അങ്ങനെയാണെങ്കിൽ പറയാം അദ്ദേഹത്തിന് ജയിക്കാൻ അവകാശമില്ലെന്ന്. അദ്ദേഹം നല്ല മനുഷ്യനായതു കൊണ്ടാണ് വിജയിച്ചത്. ഞാൻ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളും ഉണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്ത െകരുതിയാണ് നാട്ടുകാർ വോട്ടിട്ടത്. പിന്നെ കോൺഗ്രസുകാരുടെ പറ്റിപ്പും" അലൻസിയർ വ്യക്തമാക്കി.

അതേസമയം കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപി അംഗമാകുമെന്നാണ് വിവരം. . ഇതുസംബന്ധിച്ചുള്ള നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചുവെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Advertisement
Advertisement