ഫിനിഷിംഗ് പോയിന്റ് എത്താതെ ഒറ്റൂരിലെ കളിക്കള നിർമ്മാണം

Saturday 08 June 2024 1:49 AM IST

കല്ലമ്പലം: ഒറ്റൂർ നീറുവിളയിൽ നീറുവിള ചന്തയോട് ചേർന്ന് നിർമ്മിക്കുന്ന ഇൻഡോർ ‌സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇഴയാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റൂരിലെ കായികപ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇൻഡോർ സ്‌റ്റേഡിയം. ദേശീയ വനിതാ വോളിബാൾ ക്യാപ്റ്റനായിരുന്ന അശ്വനി എസ്.കുമാറിനെയും പുരുഷ വോളിബാൾ ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെയും സംഭാവന ചെയ്ത നാടാണ് ഒറ്റൂർ. ചെറുന്നിയൂർ, മണമ്പൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ കായിക പ്രേമികൾക്കും സ്റ്റേഡിയം പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 2017ലാണ് എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മാണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമാണച്ചുമതല. ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലെ കായിക പ്രേമികളുടെയും സംഘടനകളുടെയും ആവശ്യപ്രകാരമാണ് പഞ്ചായത്ത്‌ വക സ്ഥലത്ത് മുൻ എം.എൽ.എ ബി. സത്യന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങിയത്. നിർമ്മാണം നടക്കവേയാണ് ലോക്ക്ഡൗൺ വന്നതും താമസിയാതെ തിരഞ്ഞെടുപ്പ് നടന്നതും. സത്യന്റെ സ്ഥാനത്ത് എം.എൽ.എ ആയി ഒ.എസ്. അംബിക അധികാരമേൽക്കുകയും ചെയ്തു.

 തുക ഇനിയും വേണം

മൂന്നു ഘട്ടങ്ങളിലായി 1.27 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 90 ശതമാനം പണി പൂർത്തിയായി. എന്നാൽ ഇത് തുറക്കാൻ ഇനിയും വൈകും. 350 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കോർട്ട് നിർമ്മാണം, ലൈറ്റ് സ്ഥാപിക്കൽ ഇതിനൊക്കെ ഇനിയും തുക കണ്ടെത്തണമെന്നും എത്ര തുകയായാലും ഒരു നാടിന്റെ കായിക സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും മുൻ എം.എൽ.എ പറഞ്ഞിരുന്നു. സായ്, സ്പോർട്സ് കൗൺസിൽ, യൂത്ത് അഫയേഴ്സ്‌ വകുപ്പുകളുമായി സഹകരിച്ച് ഇൻഡോർഗയിം, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, കബഡി, ഖൊ ഖൊ, ബാഡ്‌മിന്റൻ, ഷട്ടിൽ തുടങ്ങിയ മത്സരങ്ങളും പരിശീലനങ്ങളും സ്റ്റേഡിയം പൂർത്തിയാകുന്നതോടെ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

 പാതിവഴിയിൽ നിർമ്മാണം

കേരളത്തിന്റെ കായിക ഭൂപടത്തിൽ വരെ ഇടം പിടിക്കേണ്ട സ്റ്റേഡിയം പാതിവഴിയിൽ ഉപേക്ഷിച്ച പോലെയാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള മേൽക്കൂര ചോർന്ന് ഒലിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ഈ അപാകത പരിഹരിക്കുന്നതിനായി ഡയറക്ടേഴ്സ് ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പോലുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായം തേടാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. സത്യന്റെ വികസനമുന്നേറ്റത്തിൽ എടുത്തുപറയേണ്ട ഒന്നാണ് നീറുവിള ഇൻഡോർ സ്റ്റേഡിയം.

Advertisement
Advertisement