പരുത്തുംപാറയിലെ സ്കൂളുകളിൽ മോഷണം

Saturday 08 June 2024 1:23 AM IST

കോട്ടയം : പരുത്തുംപാറയിലെ രണ്ട് സ്കൂളുകളിൽ മോഷണം. പരിസരത്തെ കോൺവെന്റിൽ മോഷണ ശ്രമവും നടന്നു. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും, കുഴിമറ്റം ഗവ.എൽ.പി സ്‌കൂളിലുമാണ് മോഷണം നടന്നത്. കഴി‌ഞ്ഞ രാത്രിയായിരുന്നു സംഭവം. പാച്ചിറ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ദേവാലത്തിന് സമീപമുള്ള കോൺവെന്റിന്റെ സ്റ്റോർ റൂം, കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി എന്നിവയുടെ പൂട്ടാണ് തകർത്തത്. മഠത്തിലെ അന്തേവാസിയും സമീപം പ്രവർത്തിക്കുന്ന മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ പവന രാവിലെ സ്കൂളിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓഫീസ് മുറിയുടെയും, അകത്തെ അലമാരയുടെയും താഴ് തകർത്ത് കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, സ്‌കൂൾ ബാഗ്, കീച്ചെയിൻ, കുപ്പികൾ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. കുഴിമറ്റം ഗവ.എൽ.പി സ്‌കൂൾ ഓഫീസ് മുറിയുടെ പ്രധാന വാതിലിന്റെ ഇരുമ്പു താഴ് തകർത്ത മോഷ്ടാക്കൾ സ്റ്റീൽ അലമാരകൾ തുറന്ന് ഫയലുകളും പേപ്പറുകളും നീക്കിവച്ച നിലയിലാണ്. കുട്ടികൾ ചെറിയ തുകകൾ നിക്ഷേപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കുടുക്കകൾ നോട്ടുകളും കൊണ്ടുപോയി.

Advertisement
Advertisement