വോട്ടുചേർച്ച സമ്മതിച്ചു; കോട്ടകളിലെ 'പ്രതിഭാസം" പരിശോധിക്കാൻ സി.പി.എം

Friday 07 June 2024 10:21 PM IST

കണ്ണൂർ: ബി.ജെ.പിയ്ക്ക് വോട്ട് വർദ്ധിച്ചതടക്കമുള്ള ഇടതുകോട്ടകളിലെ ചോർച്ച സംബന്ധിച്ച് പരിശോധിക്കാൻ സി.പി.എം. പാർട്ടി കേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് വോട്ടുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച സ്ഥാനാർത്ഥി കൂടിയായ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രത്യേക പ്രതിഭാസം എന്നാണ് ചോർച്ചയെ മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. പാർട്ടിമേഖലകളിലെ കോൺഗ്രസ് വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയതെന്ന ന്യായീകരണവും ഇതിനിടയിൽ ഉയർന്നുവന്നിട്ടുണ്ട്.

ഇടതുവോട്ടുകളിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. വിശദമായി പരിശോധിച്ച് തിരുത്തിയും പാഠം പഠിച്ചും ജനങ്ങളെ കൂടുതൽ പാർട്ടിയോടൊപ്പം അണിനിരത്തുമെന്നാണ് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

പിറന്ന മണ്ണിലാണ് ഇടറിയത്

മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ അടക്കം ബി.ജെ.പി വോട്ടു വർദ്ധിപ്പിച്ചതാണ് സി.പി.എമ്മിനെ ഞെട്ടിച്ചത്. പാർട്ടി പിറന്ന പാറപ്രത്ത് നേരിയ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് നേടിയത്.ധർമ്മടത്ത് 2019ൽ 8538വോട്ടുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഇതു 16711 വോട്ടുകളായി ഉയർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ ബി.ജെ.പി കഴിഞ്ഞ തവണ ലഭിച്ച 8659 വോട്ട് ഇക്കുറി 16,706 വോട്ടുകളാക്കി വർദ്ധിപ്പിച്ചതും കനത്ത തിരിച്ചടിയായി. മട്ടന്നൂരിൽ കഴിഞ്ഞ തവണ 11612വോട്ടുകളാണ് എൻ.ഡി.എ സ്ഥാനാർത്ഥി നേടിയത്. എന്നാൽ ഇക്കുറി 19,159 വോട്ടുകളായി. അഴീക്കോട് മണ്ഡലത്തിലും ബി.ജെ.പി വോട്ടു ഷെയർ വർദ്ധിപ്പിച്ചിട്ടുണ്ട്. അതെ സമയം യു.ഡി.എഫ് ശക്തി കേന്ദ്രമായ ഇരിക്കൂറിൽ കഴിഞ്ഞ തവണ നേടിയ 72891വോട്ട് ഇത്തവണ 13,562 ആയി വർദ്ധിപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു.

പുത്തരിയല്ല;തിരിച്ചു വരുമെന്ന് പി.ജയരാജൻ

കണ്ണൂർ:തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാദ്ധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ ഫേസ് ബുക്കിൽ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. അതിന്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തൽ നടപടികൾ ഉണ്ടാവുകയും ചെയ്യും.അതേസമയം ബി.ജെ.പിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വർദ്ധനയും ഗൗരവതരമായ പ്രശ്നമാണെന്ന് ജയരാജൻ പറഞ്ഞു.വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായി നിരന്തരമായ ഇടതുപക്ഷത്തിന്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. കോൺഗ്രസോ യു.ഡി.എഫോ ഒന്നും ചെയ്തില്ലെന്നും പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയിരുന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തിരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ല.അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർ പ്രവചിച്ചത് ഇനിയൊരിക്കലും പാർട്ടി അധികാരത്തിൽ വരില്ലെന്നായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പല തവണ അധികാരത്തിലേറി എന്നത് ചരിത്രമാണെന്നും പി.ജയരാജന്റെ ഫേസ്ബുക്കിൽ പറഞ്ഞു.

Advertisement
Advertisement