വീട് കുത്തിത്തുറന്ന് ഡോക്ടറുടെ വീട്ടിൽ നിന്ന് 17 പവൻ കവർന്നു

Saturday 08 June 2024 6:35 AM IST

തൃശൂർ: അയ്യന്തോൾ കാഞ്ഞാണി റോഡ് പുല്ലോലിക്കലിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു. ഒളരി മദർ ആശുപത്രിയിലെ സർജൻ ഡോ.കുരുവിളയുടെ വീട്ടിലായിരുന്നു മോഷണം. ഡോക്ടറും കുടുംബവും മകന്റെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നാലിന് അമേരിക്കയിലേക്ക് പോയതാണ്. ഈ മാസം 17ന് എത്താനായിരുന്നു തീരുമാനം.

രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. ഒരു മാലയും രത്‌നം പതിച്ചതുൾപ്പെടെ മൂന്ന് മോതിരവും നഷ്ടപ്പെട്ടതായി പറയുന്നു. സി.സി.ടി.വി നശിപ്പിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡോഗ് സ്‌ക്വാഡുമെത്തി. ഈ വീടിനെക്കുറിച്ച് ധാരണയുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
Advertisement