റാണീപുരത്തെ കാടിനെ പിടിച്ചടക്കി ധൃതരാഷ്ട്രപച്ച തനത് സസ്യങ്ങൾക്ക് ഭീഷണി

Friday 07 June 2024 10:37 PM IST

കാസർകോട്: നയനമനോഹരമായ റാണീപുരം മലനിരകളിൽ തനത് സസ്യങ്ങളെ ഞെരുക്കുന്ന ധൃതരാഷ്ട്ര പച്ച അടക്കമുള്ള അധിനിവേശ സസ്യങ്ങൾ വ്യാപകമായി വളരുന്നുവെന്ന് കണ്ടെത്തൽ.കളവർഗത്തിൽപെട്ട ഇവ കാടിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ, കാസർകോട് ജില്ലകളിലെ വെറ്റിനറി ഡോക്ടർമാരും വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും റാണീപുരം വനസംരക്ഷണ സമിതി പ്രവർത്തകരുമടങ്ങിയ സംഘം നടത്തിയ യാത്രയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മലനിരകളിലെ ഏക്കർ കണക്കിന് സ്ഥലങ്ങളിൽ അധിനിവേശ സസ്യങ്ങൾ വളർന്നുവരുന്നുണ്ട്. കാടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഈർപ്പവും പോഷക വസ്തുക്കളും സ്ഥലവും പ്രകാശവും അപഹരിക്കുന്നതുമായ ഈ സസ്യങ്ങൾ വളരെ വേഗത്തിൽ വളരുകയും തദ്ദേശീയ സസ്യങ്ങളുമായി മത്സരിക്കുന്നതുമാണ്.

കാട്ടിനോട് ഈ 'ധൃതരാഷ്ട്രാ"ലിംഗനം

ധൃതരാഷ്ട്ര പച്ച, കമ്യുണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, മൂടില്ലാത്താളി, ആമുഖം തുടങ്ങിയ അധിനിവേശ സസ്യങ്ങളാണ് റാണീപുരത്ത് വളരുന്നത്. ഈ ചെടികൾ വായുസഞ്ചാരം കുറക്കുന്നതോടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരുമാണ്. തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് വലിയ ഭീഷണിയാണ് ഇവ സൃഷ്ടിക്കുന്നത്. കളവർഗത്തിൽപ്പെട്ട ഈ സസ്യങ്ങൾ മറ്റു വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനും വിഘാതം സൃഷ്ടിക്കുന്നു.

ധൃതരാഷ്ട്രപച്ച

ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നു. മിക്കാനിയ മൈക്രാന്ത എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന സസ്യം. മദ്ധ്യ,​ തെക്കൻ അമേരിക്കയാണ് സ്വദേശം.വിത്തുവഴിയാണ് ഈ വള്ളിച്ചെടിയുടെ പ്രജനനം. കാട്, തോട്ടങ്ങൾ, ഈർപ്പം നിറഞ്ഞ സമതല പ്രദേശങ്ങൾ എന്നിവയെല്ലാം ഇവ നിറഞ്ഞുകഴിഞ്ഞു.

വേണം അധിനിവേശ സസ്യ നിർമ്മാർജ്ജനം

റാണീപുരം മലനിരകളിൽ കണ്ടുവരുന്ന അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജ്ജനത്തിന് കൂട്ടായ പരിശ്രമത്തിന് തുടക്കമിട്ടുകഴിഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വെറ്റിനറി ഡോക്ടർമാരും വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും റാണീപുരം വന സംരക്ഷണസമിതി പ്രവർത്തകരുമാണ് അധിനിവേശസസ്യ നിർമ്മാർജ്ജനം സംഘടിപ്പിച്ചത്. മലനിരകളിലെ ഒരേക്കറിൽ അധിനിവേശ സസ്യങ്ങൾ സംഘം നശിപ്പിച്ചു.വനംവകുപ്പ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, വനസംരക്ഷണ സമിതി പ്രസിഡന്റ് പി.നിർമ്മല, വൈസ് പ്രസിഡന്റ് അരുൺ ജാനു സെക്രട്ടറി ശിഹാബുദീൻ, വെറ്റിനറി മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.സരിഗ, പ്രോഗ്രാം ഓഫീസർമാരായ ഡോ.ആസിഫ് ,​എം.അഷ്‌റഫ്, ഡോ.റിൻസി പെരേസ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement