കാറഡുക്ക തട്ടിപ്പ്: സെക്രട്ടറിയും കൂട്ടുപ്രതിയും റിമാൻഡിൽ, കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും

Saturday 08 June 2024 6:47 AM IST

കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സെക്രട്ടറിയെയും കൂട്ടുപ്രതിയെയും കോടതി റിമാൻഡ് ചെയ്തു. സൊസൈറ്റി സെക്രട്ടറി കർമ്മന്തൊടി ബാളക്കണ്ടത്തെ കെ. രതീഷ് (38), കണ്ണൂർ ഉരുവച്ചാൽ സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ എം. അബ്ദുൾ ജബ്ബാർ (51) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.

ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമനിക്കിന്റെ മേൽനോട്ടത്തിൽ ആദൂർ ഇൻസ്‌പെക്ടർ പി.സി സഞ്ജയ് കുമാർ, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട് ഈറോഡിലെ ലോഡ്ജിൽ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരെയും കാസർകോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

റിമാൻഡിലായ രതീഷിനെയും ജബ്ബാറിനെയും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. തമിഴ്നാട്ടിലെ വിവിധഭാഗങ്ങളിൽ തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്‌പെക്ടർ സഞ്ജയ് കുമാറിന്റെയും എസ്.ഐ അനുരൂപിന്റെയും നേതൃത്വത്തിലുള്ള സംഘം വേഷം മാറി ലോഡ്ജിൽ എത്തുകയായിരുന്നു. ഈറോഡ് ബസ് സ്റ്റാൻഡിനടുത്ത് 15 ഓളം വിവിധ ലോഡ്ജുകളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് അന്വേഷണ സംഘം ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം മുഖ്യപ്രതികൾ താമസിക്കുന്ന ലോഡ്ജിൽ എത്തിയത്. വസ്ത്രങ്ങളും അവശ്യ സാധനങ്ങളും ഉൾപ്പെടെ കരുതിയിരുന്ന വലിയ ലഗേജുകൾ പ്രതികൾ താമസിച്ച ലോഡ്ജിൽ ഉണ്ടായിരുന്നു. മാസങ്ങളോളം താമസിക്കാൻ എല്ലാം കരുതിയാണ് പ്രതികൾ നാട്ടിൽ നിന്നും മുങ്ങിയത്.

ബംഗളൂരു, ഷിമോഗ, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി പ്രതികൾ അന്വേഷണസംഘത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ എബ്രഹാം, ഹരീഷ് ബിംബുങ്കാൽ, കെ. ഉത്തേശ്, അനീഷ് വർഗീസ്, സുരേഷ് എന്നിവരും പ്രതികളെ പിടിച്ച സംഘത്തിൽ ഉണ്ടായിരുന്നു.


പണം ജബ്ബാറിന് നൽകിയെന്ന് രതീഷ്

കാറഡുക്ക സഹകരണ സംഘത്തിൽ നിന്നും എടുത്ത പണം മുഴുവൻ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ പയ്യന്നൂരിലെ ജബ്ബാറിന് നൽകിയതായി പിടിയിലായ സംഘം സെക്രട്ടറി രതീഷ് അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാൽ പണം മുഴുവൻ റിയൽ എസ്റ്റേറ്റ് ബിസിനസ് പൊളിഞ്ഞതോടെ നഷ്ടപ്പെട്ടു എന്നാണ് സുഹൃത്ത് ജബ്ബാർ പൊലീസിനോട് പറഞ്ഞത്. ഇരുവരെയും പ്രത്യേകം ഇരുത്തിയും ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്തു.

Advertisement
Advertisement