ഡോക്ടർമാരുടെ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്

Saturday 08 June 2024 6:49 AM IST
  • രണ്ട് ഡോക്ടർമാർ സ്ഥലം വിട്ടു

പത്തനംതിട്ട: ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തി. ചട്ടവിരുദ്ധമായി പ്രാക്ടീസ് നടത്തിയതിന്റെ തെളിവുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളുടെ പരിസരങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലാണ് ഇന്നലെ വൈകിട്ട് നാല് മണി മുതൽ റെയ്ഡ് നടന്നത്. വിജിലൻസ് സംഘം എത്തിയതറിഞ്ഞ് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം പരിശോന നടത്തിക്കൊണ്ടിരുന്ന രണ്ട് ഡോക്ടർമാർ സ്ഥലം വിട്ടു. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയ രോഗികളിൽ നിന്ന് പണം വാങ്ങി ചികിത്സിക്കുന്നതിന് സ്വകാര്യ പരിശോധനാ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതി ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഡോക്ടർമാർ ഇറങ്ങിപ്പോയത്.

ഡോക്ടർമാർ വാടക കെട്ടിടത്തിൽ പരിശോധന നടത്താൻ പാടില്ല, ആശുപത്രിയിൽ പരിശോധിക്കുന്ന രോഗികളെ ഇവിടെ പരിശോധിക്കാൻ പാടില്ല എന്നീ ചട്ടങ്ങൾ ലംഘിച്ചത് പരിശോധിക്കാനാണ് വിജിലൻസ് എത്തിയത്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടർമാർ സ്വന്തം താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പരിശോധന നടത്താവൂ എന്നാണ് ചട്ടം. പത്തനംതിട്ട, അടൂർ, കോഴഞ്ചേരി എന്നിവിടങ്ങളിൽ വാടക കെട്ടിടങ്ങളും വാടകവീടുകളും സ്വകാര്യ പരിശോധന കേന്ദ്രങ്ങളാക്കിയത് സംബന്ധിച്ച വിവരങ്ങളാണ് വിജിലൻസ് ശേഖരിച്ചത്. പത്തനംതിട്ടയിൽ ആറും അടൂരിൽ അഞ്ചും കോഴഞ്ചേരിയിൽ നാലും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിജിൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരൻ, ഇൻസ്പെക്ടർമാരായ പി. അനിൽകുമാർ, കെ. അനിൽകുമാർ, ജെ. രാജീവ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Advertisement
Advertisement