ചെളി നിറഞ്ഞ് ദേശീയപാത, തെന്നി വീണ് യാത്രക്കാർ

Saturday 08 June 2024 1:56 AM IST

അരൂർ : പൈലിംഗിനു ശേഷം പുറന്തള്ളുന്ന രാസപദാർത്ഥം കലർന്ന ചെളി മഴയിൽ കുത്തിയൊലിച്ചു റോഡിൽ പരന്നുകിടക്കുന്നതിനാൽ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു.എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ചന്തിരൂരിലെ ഗവ. ആശുപത്രിയിലേക്ക് നടന്നുവരികയായിരുന്ന വയോധികൻ ചെളിയിൽ തെന്നിവീണ് കൈയൊടിഞ്ഞു . ചന്തിരൂർ മൂർത്തിക്കൽ ശ്രീധര ഷേണായിയ്ക്കാണ് പരിക്കേറ്റത്. അരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ആയിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ എഴുപുന്ന സ്വദേശി രാജേഷിനും (38) ബൈക്ക് തെന്നി വീണ് പരിക്കേറ്റിരുന്നു. കൈ ഒടിഞ്ഞ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന ഉന്നതതല യോഗത്തിൽ മന്ത്രി പി.പ്രസാദ് പൈലിംഗിനു ശേഷം പുറന്തള്ളുന്ന ചെളിയും മണ്ണും ഉടനടി നീക്കാൻ നിർമ്മാണ കമ്പനി പ്രതിനിധികൾക്ക് നിർദേശം നൽകിയിട്ടും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Advertisement
Advertisement