കർണ്ണാടകത്തിലെ ജനങ്ങൾ പരാജയപ്പെട്ടെന്ന് രാഹുൽ, എല്ലാം വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെന്ന് ബി.ജെ.പി ഒരുനാൾ തിരിച്ചറിയുമെന്ന് പ്രിയങ്ക

Wednesday 24 July 2019 10:44 AM IST

ബംഗളൂരു: കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജനതാദൾ സഖ്യസർക്കാർ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കർണ്ണാടകയിലെ ജനങ്ങളും, ജനാധിപത്യവും, സത്യസന്ധതയും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'ആദ്യം മുതലെ കർണ്ണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ ചില പ്രത്യേക താൽപര്യക്കാർ ലക്ഷ്യംവച്ചിരുന്നു. അവരിൽ പുറത്തുള്ളവരും അകത്തുള്ളവരും ഉണ്ട്.സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിലെ ഭീഷണിയായാണ് അവർ കണ്ടത്. അവരുടെ ദുരാഗ്രഹം വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു'-രാഹുൽ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 'എല്ലാം വാങ്ങാൻ സാധിക്കില്ലെന്ന് ഒരു ദിവസം ബി.ജെ.പി തിരിച്ചറിയും.എല്ലാവരെയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിയും. എല്ലാ കള്ളത്തരങ്ങളും ഒരുനാൾ വെളിച്ചത്ത് വരും.'പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.


ഇന്നലെ വൈകീട്ട് നടന്ന വിശ്വാസവോട്ടെടുപ്പിൽ 105 എം.എൽ.എമാർ വിശ്വാസ പ്രമേയത്തെ എതിർത്തപ്പോൾ 99 പേർ മാത്രമാണ് അനുകൂലിച്ചത്. സർക്കാർ ആറ് വോട്ടിന് പരാജയപ്പെട്ടതായി സ്പീക്കർ കെ.ആർ. രമേശ് കുമാർ സഭയിൽ പ്രഖ്യാപിച്ചു. തുടർന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പിന്നാലെ, കുമാരസ്വാമി ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പതിന്നാല് മാസം മാത്രമാണ് കുമാരസ്വാമി സർക്കാർ നിലനിന്നത്. പതിന്നാല് ദിവസം നീണ്ട രാഷ്ട്രീയ നാടകമാണ് ഇതോടെ അവസാനിച്ചത്.

പുതിയ സർക്കാർ രൂപീകരണ നാടകം തുടങ്ങാനും ഇതോടെ കളമൊരുങ്ങി. ബി.ജെ.പി സർക്കാരുണ്ടാക്കാൻ ബി.എസ്. യെദിയൂരപ്പയെ ഗവർണർ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേൽ ആറ് ദിവസമാണ് ചർച്ച നീണ്ടത്. പ്രമേയം വോട്ടിനിടണമെന്ന ആവർത്തിച്ചുള്ള ആവശ്യങ്ങൾ തള്ളി നീങ്ങിയ ചർച്ച ഇന്നലെ വൈകിട്ടാണ് അവസാനിപ്പിച്ചതും കുമാരസ്വാമി മറുപടി പ്രസംഗം നടത്തിയതും അവസാനം പ്രമേയം വോട്ടിനിട്ടതും. അംഗങ്ങളുടെ തല എണ്ണിയാണ് ഫലം തീരുമാനിച്ചത്. വിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ ബി.ജെ.പി അംഗങ്ങൾ യെദിയൂരപ്പയുടെ നേതൃത്വത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു.