നെഹ്‌റു ട്രോഫി : വള്ളങ്ങളുടെ ബോണസിൽ 10% വർദ്ധനവ്

Saturday 08 June 2024 1:22 AM IST

2.45 കോടി രൂപയുടെ ബഡ്ജറ്റ്

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്‌സും ഇരിപ്പിടങ്ങളും ഏർപ്പെടുത്താൻ നെഹ്രു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു.

ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024ലെ നെഹ്രു ട്രോഫി വള്ളംകളിയുടെ ബഡ്ജറ്റ് യോഗം അംഗീകരിച്ചു. 2,45,82,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. 80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്‌പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉൾപ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നു. റോസ് കോർണറിൽ ടിക്കറ്റ് നിരക്ക് ആയിരത്തിൽ നിന്ന് 1500 രൂപയാക്കാനും തീരുമാനിച്ചു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സൊസൈറ്റി ചെയർമാൻ ജില്ല കളക്ടർ അലക്‌സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഒരുങ്ങും ലക്ഷ്വറി ബോക്‌സ്
 എൻ.ടി.ബി.ആർ സൊസൈറ്റിയുടെ ടിക്കറ്റ് വരുമാനം വർദ്ധിപ്പിക്കുന്നതിന് ഉയർന്നനിരക്ക് വാങ്ങിയുള്ള ലക്ഷ്വറി ബോക്‌സ് ഇത്തവണ തയ്യാറാക്കും

 മികച്ച സൗകര്യങ്ങളോടെ ഇരുന്ന് കളികാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (മൂന്നു പേർക്ക്) 25000 രൂപയുമാണ് നിരക്ക്

ടിക്കറ്റ് നിരക്കുകൾ (രൂപയിൽ)

ടൂറിസ്റ്റ് ഗോൾഡ് (നെഹ്രു പവലിയൻ) - 3000,

ടൂറിസ്റ്റ് സിൽവർ (നെഹ്രു പവലിയൻ) - 2500

റോസ് കോർണർ -1500,

വിക്ടറി ലെയിൻ വുഡൻ ഗാലറി -500,

ആൾ വ്യൂ വുഡൻ ഗാലറി -300

ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി -200

ലോൺ-100

Advertisement
Advertisement