ചുവപ്പ് കോട്ടയിലെ തിരിച്ചടിയുടെ കാരണം തേടി എൽ.ഡി.എഫ്

Saturday 08 June 2024 12:23 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ ഇടതിന് അമ്പരപ്പും ആശങ്കയും. ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ അന്തിക്കാട്, ചാഴൂർ, താന്ന്യം പഞ്ചായത്തിലെ തിരിച്ചടിയാണ് ഏറെ ഞെട്ടിച്ചത്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ ഒട്ടേറെ സമര ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണിത്.
പല സന്ദർഭങ്ങളിലും കോൺഗ്രസും മറ്റും മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തള്ളി ബി.ജെ.പിയുടെ കുതിപ്പാണ് ഞെട്ടലുണ്ടാക്കിയത്. ബി.ജെ.പിയെ സംബന്ധിച്ച് ഈ മൂന്ന് പഞ്ചായത്തിലും പേരിന് പോലും ഒരു പഞ്ചായത്തംഗം ഇല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അന്തിക്കാട് അറിയപ്പെടുന്നത് ' മോസ്‌കോ' എന്നാണ്. ചെത്തുതൊഴിലാളി സമരത്തിന്റെ ഭാഗമായി നടന്ന കൊലമുറി സമരവും മറ്റും നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച മണ്ണാണിത്. തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. അടുത്തദിവസങ്ങളിൽ ബ്രാഞ്ച് തലം മുതൽ യോഗം ചേർന്ന് തിരിച്ചടി തലനാരിഴ കീറി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.


നേതാക്കളുടെ തട്ടകം

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന്റെ തട്ടകം എന്ന നിലയിലും അന്തിക്കാട്ടും പരിസരങ്ങളിലും വൻകുതിപ്പ് നടത്താമെന്ന പ്രതീക്ഷയിൽ നിൽക്കവേയാണ് മൂന്ന് പഞ്ചായത്തിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മന്ത്രി കെ. രാജൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ എന്നിവരുടെ തട്ടകം കൂടിയാണിത്. ഇതിന് പുറമേ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് എന്നിവരുടെ തട്ടകമാണ് അന്തിക്കാട്. യുഡി.എഫിനെ സംബന്ധിച്ചും വലിയ നഷ്ടമാണുണ്ടായത്.


സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനം

ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയിൽ പാർട്ടി അണികളിൽ നിന്ന് രൂക്ഷ വിമർശനമാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉയരുന്നത്. നേതാക്കളെ കാണാൻ പ്രവർത്തകരും ജനങ്ങളും ചെല്ലുമ്പോൾ അവരെ കണ്ട ഭാവമെങ്കിലും വയ്ക്കണമെന്ന തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്. നേതാക്കളും ജനങ്ങളും തമ്മിൽ ബന്ധമില്ലെന്നും അണികൾ ചൂണ്ടിക്കാട്ടുന്നു.


മൂന്ന് മുന്നണികൾക്ക് ലഭിച്ച വോട്ടുകൾ

അന്തിക്കാട്

എൻ.ഡി.എ: 5554
എൽ.ഡി.എഫ്: 5229
യു.ഡി.എഫ്: 3251


ചാഴൂർ
എൻ.ഡി.എ: 7801
എൽ.ഡി.എഫ്: 7435
യു.ഡി.എഫ്: 4051


താന്ന്യം
എൻ.ഡി.എ: 7901
എൽ.ഡി.എഫ്: 7448
യു.ഡി.എഫ്: 4096

Advertisement
Advertisement