സി.ഐ ഓഫീസ് ജംഗ്ഷനിൽ മേൽപ്പാലം: എം.പിയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

Saturday 08 June 2024 12:25 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് സംവിധാനം വേണമെന്ന ആവശ്യത്തിനൊപ്പം നിയുക്ത എം.പിയും നിൽക്കുമെന്ന വിശ്വാസത്തിൽ നാട്ടുകാർ. ബൈപാസിൽ കുറെ വർഷങ്ങൾക്ക് മുമ്പ് വാഹനാപകടങ്ങളും മരണങ്ങളും കൂടിയപ്പോഴാണ് നാട്ടുകാർ സമരസമിതി രൂപീകരിച്ച് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം ആരംഭിച്ചത്. കുറെനാൾ നീണ്ട സമരം 2012ൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് അവസാനിപ്പിച്ചത്.

എന്നാൽ ദേശീയപാതാ പ്രൊജക്ട് വന്നപ്പോൾ എലിവേറ്റഡ് ഹൈവേ നഗരത്തിന്റെ വടക്കെ അറ്റത്തേക്ക് മാറ്റി. ഇവിടെ വെഹിക്കുലർ അണ്ടർപാസ് നിർമ്മിക്കുമെന്നാണ് രേഖകളിലുള്ളത്. പിന്നീട് ക്രോസിംഗ് സംവിധാനവും ഇല്ലാതായി. ഇതിനെതിരെ ബെന്നി ബഹനാൻ എം.പി കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.

എം.പിയുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി സമ്മതിച്ചിട്ടും നിർമ്മാണം നടത്തുന്ന കരാറുകാരനും ദേശീയപാതാ ഉദ്യോഗസ്ഥരും യാതൊരു മാറ്റങ്ങളും കഴിയില്ലെന്ന നിലപാടിലാണ്. ഇതിനെതിരെ നാട്ടുകാർ സമരമുഖത്തുണ്ട്. മന്ത്രി ഉറപ്പ് നൽകിയിട്ടും പ്രദേശത്തെ രണ്ടായി മുറിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ നിയുക്ത എം.പി ഇടപെടുമെന്നു തന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ.

എം.പിക്ക് മന്ത്രി ഉറപ്പുനൽകി, പക്ഷെ...

സി.ഐ ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് ഇല്ലാതെ വന്നാൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, സ്‌കൂളുകൾ, വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടിവരും. ഇതു പരിഹരിക്കാൻ ചന്തപ്പുരയിൽ അനുവദിച്ച മേൽപ്പാലം സി.ഐ ഓഫീസ് ജംഗ്ഷൻ വരെ 700 മീറ്റർ നീട്ടിയാൽ ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകും. ബൈപാസിന്റെ പടിഞ്ഞാറുള്ളവർക്കും എറിയാട് ഭാഗത്തു നിന്നും വരുന്നവർക്കും ഇത് പ്രയോജനകരമാകും. ഇക്കാര്യമെല്ലാം കേന്ദ്ര ഗതാഗത മന്ത്രിയെ എം.പി അറിയിച്ചിരുന്നു. ചന്തപ്പുരയിൽ അനുവദിച്ച ഫ്ലൈഓവർ സി.ഐ ഓഫീസ് ജംഗ്ഷൻ വരെ നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നതുമാണ്. ഇതാണ് കരാറുകാരനും ദേശീയപാതാ ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുന്നത്.

സി.ഐ ഓഫീസ് ജംഗ്ഷനിലെ പ്രശ്‌നം പരിഹരിക്കാൻ എം.പി പുതിയ ഫയൽ എടുപ്പിക്കുമെന്നും അടുത്ത ആഴ്ച സമരപന്തലിൽ എത്താമെന്നും അറിയിച്ചിട്ടുണ്ട്.

- അഡ്വ. കെ.കെ. അൻസാർ, എലിവേറ്റഡ് ഹൈവേ കർമ്മ സമിതി ജനറൽ കൺവീനർ

Advertisement
Advertisement