എം.പിയറിയാൻ... അളഗപ്പ മില്ലും മേൽപ്പാലവും പുതുക്കാട്ടുകാരുടെ പ്രതീക്ഷ

Saturday 08 June 2024 12:30 AM IST

പുതുക്കാട്: വിവാദങ്ങൾ എന്നും ഉയരുന്ന പാലിയേക്കര ടോൾ പ്ലാസയും വന്യമൃഗങ്ങളുടെ നിരന്തരമുള്ള ഭീഷണിയും മൂലം സംഘർഷഭരിതമാണ് പുതുക്കാട് നിയോജക മണ്ഡലം. എം.പിയെന്ന നിലയിൽ ശക്തമായ ഇടപെടൽ ഇവിടെ ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.

ജൽജീവൻ മിഷൻ പദ്ധതി പൂർത്തീകരണം, നൂറുക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് ആരംഭിക്കൽ, നൂറുക്കണക്കിന് പേരുടെ ഉപജീവനമാർഗമായിരുന്ന അളഗപ്പ മില്ലിന്റെ ഉയർത്തെഴുന്നേൽപ്പ് തുടങ്ങി വിവിധ വിഷയങ്ങളിൽ പുതുതായി അധികാരമേൽക്കുന്ന എം.പിയുടെ ശ്രദ്ധ പതിയണമെന്നാണ് ആവശ്യം.

പുതുക്കാട് റെയിൽവേ സ്റ്റേഷന്റെ വികസനവും പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരമുള്ള റോഡ് വികസനവും ലക്ഷ്യമിടുന്നു. പാലപ്പിള്ളി മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര വാസികൾക്ക് സ്വൈര്യജീവിതത്തിന് സാഹചര്യം ഒരുക്കണമെന്ന ആവശ്യവുമുണ്ട്.


റെയിൽവേ മേൽപ്പാലം

പുതുക്കാട് റെയിൽവേ മേൽപ്പാലം എത്രയും പെട്ടന്ന് യഥാർത്ഥ്യമാക്കണം. പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മേൽക്കൂര, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ നിർമ്മിക്കുകയും ഗുരുവായൂർ - തിരുവനന്തപുരം ഇന്റർ സിറ്റി എക്‌സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുകയും വേണം.
- പി.ആർ. വിജയകുമാർ, പ്രസിഡന്റ്, ട്രെയിൻ പാസഞ്ചേഴ്‌സ് അസോ.

അളഗപ്പ മിൽ തുറക്കണം

പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിലെ മേൽപ്പാലം യാഥാർത്ഥ്യമാക്കുക, പൂട്ടിക്കിടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അളഗപ്പ ടെക്‌സ്റ്റയിൽസ് നവീകരിച്ച് തുറന്ന് പ്രവർത്തിപ്പിക്കുക. ഉപയോഗശൂന്യമായി കിടക്കുന്ന നെൽവയലുകൾ വീണ്ടെടുത്ത് കൃഷിയോഗ്യമാക്കുക.
- ജോയ് മഞ്ഞളി, പൊതുപ്രവർത്തകൻ

വനാതിർത്തിയിൽ കിടങ്ങുകൾ നിർമ്മിക്കണം

വനാതിർത്തിയിൽ കിടങ്ങുകൾ നിർമ്മിച്ച് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയണം. ഇതിനാവശമായ വനനിയമങ്ങൾ പരിഷ്‌കരിക്കാൻ നടപടി സ്വീകരിക്കുക. വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് തിറ്റയും വെള്ളവും വനത്തിൽ ഉറപ്പു വരുത്തണം.
- ഇ.എ. ഓമന, പ്രസിഡന്റ്, മലയോര കർഷക സംരക്ഷണ സമിതി

Advertisement
Advertisement