വ്യാജ ആധാറുമായി പാർലമെന്റിൽ കയറാൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ

Saturday 08 June 2024 12:32 AM IST

ന്യൂഡൽഹി: പാർലമെന്റ് വളപ്പിലേക്ക് വ്യാജ ആധാർ കാർഡും പ്രവേശനപാസും കാണിച്ച് കയറാൻ ശ്രമിച്ച മൂന്നു പേരെ സി.ഐ.എസ്.എഫ് പിടികൂടി.

കാസിം, മോനിസ്, ഷോയബ് എന്നിവരുടെ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പ്രവേശന ഗേറ്റിലെ സുരക്ഷാപരിശോധനാ സമയത്ത് സംശയം തോന്നി ആധാർ കാർഡിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ഫോട്ടോയിൽ മാത്രമായിരുന്നു വ്യത്യാസമെന്നും കണ്ടെത്തി.
പാർലമെന്റ് വളപ്പിലെ എം.പിമാർക്കായുള്ള മേഖലയുടെ നിർമ്മാണ പ്രവൃത്തികൾക്ക് എത്തിയ കരാർ തൊഴിലാളികളാണെന്നാണ് മൂവരുടെയും മൊഴി. ഇവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. എന്തിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു എന്നത് ഏജൻസികൾ അന്വേഷിക്കും.

പാർല. പുകയാക്രമണം:
കുറ്റപത്രം സമർപ്പിച്ചു

രാജ്യത്തെ മുൾമുനയിൽ നിർത്തിയ പാർലമെന്റ് പുകയാക്രമണക്കേസിലെ കുറ്റപത്രം ഡൽഹി പൊലീസ് ഇന്നലെ പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ചു. കേസിലെ ആദ്യഘട്ട കുറ്റപത്രമാണിത്. യു.എ.പി.എ ഉൾപ്പെടെ ചുമത്തിയ ആയിരത്തിൽപ്പരം പേജുള്ള കുറ്റപത്രത്തിൽ ആറ് പ്രതികളാണുള്ളത്. ഭഗത്‌സിംഗ് ക്ലബ് എന്ന കൂട്ടായ്‌മ രൂപീകരിച്ച് പ്രവർത്തിച്ച മനോരഞ്ജൻ,​ ലളിത് ഝാ,​ അമോൽ ഷിൻഡെ,​ മഹേഷ് കുമാവത്,​ സാഗർ ശർമ്മ,​ നീലം ആസാദ് എന്നിവരാണ് പ്രതികൾ. അനുബന്ധ കുറ്റപത്രം ജൂലായ് 15ന് സമർപ്പിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. ഇന്നലെ അഡിഷണൽ സെഷൻസ് ജഡ്‌ജി ഹർദീപ് കൗറിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജൂലായ് 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു.

2023 ഡിസംബർ13നായിരുന്നു പാർലമെന്റിലെ പുകയാക്രമണം. പ്രതികളായ സാഗർ ശർമ്മയും മനോരഞ്ജനും ത്രിതല സുരക്ഷാ പരിശോധനകൾ മറികടന്ന് സന്ദർശക ഗ്യാലറിയിലെത്തി. അവിടെ നിന്ന് ലോക്‌സഭയ്‌ക്കുള്ളിൽ ചാടിയിറങ്ങി പുകയാക്രമണം നടത്തുകയായിരുന്നു. ഈ സമയം അമോൽ ഷിൻഡെയും​ നീലം ആസാദും പാർലമെന്റിന് പുറത്ത് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. തൊഴിലില്ലായ്‌മ,​ കാർഷിക നിയമങ്ങൾ തുടങ്ങിയവ ഉയർത്തിയായിരുന്നു പ്രതിഷേധം. ഏകാധിപത്യം തുലയട്ടെയെന്നും വിളിച്ചുപറഞ്ഞു.

2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനത്തിലായിരുന്നു സംഭവം. പുതിയ പാർലമെന്റ് മന്ദിരത്തിലെ വൻ സുരക്ഷാ വീഴ്‌ച്ച രാജ്യത്തെ ഞെട്ടിക്കുകയും ചർച്ചയാകുകയും ചെയ്‌തു. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. വിപ്ലവകാരികളായ ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും പേരിലുള്ള ആറിൽപ്പരം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നു. അവർക്കിടയിൽ വിപ്ലവത്തെയും വിപ്ലവകാരികളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement
Advertisement