വാദം കേൾക്കുന്നത് മാറ്റി, കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി

Saturday 08 June 2024 12:53 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ സ്ഥിരജാമ്യം തേടിയുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി ഈമാസം 14ന് പരിഗണിക്കാനായി ഡൽഹി റോസ് അവന്യു കോടതി മാറ്രി. ഇ.ഡിയുടെ രേഖാമൂലമുള്ള എതിർപ്പിൽ മറുപടി സമർപ്പിക്കാൻ കേജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെടുകയായിരുന്നു. കോഴയിടപാടിൽ കേജ്‌രിവാളിനെതിരെ ആവശ്യത്തിന് തെളിവുണ്ടെന്ന് ഇ.ഡി സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ട്. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. പല തലത്തിലുള്ള ഗൂഢാലോചന കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇടനിലക്കാരനായ വിനോദ് ചൗഹാനും കേജ്‌രിവാളും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തി. ഇക്കാര്യത്തിൽ ഡിജിറ്റൽ തെളിവുണ്ട്. 25 കോടിയിൽപ്പരം തുക ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് തിരഞ്ഞെടുപ്പ് ആവശ്യത്തിന് എത്തിച്ചത് വിനോദ് ചൗഹാനാണെന്നും ഇ.ഡി അറിയിച്ചു. മെഡിക്കൽ പരിശോധനകൾക്ക് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നേരത്തെ റോസ് അവന്യു കോടതി തള്ളിയിരുന്നു.

 ബിഭവിന്റെ ജാമ്യാപേക്ഷ തള്ളി

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിന് ജാമ്യമില്ല. തീസ് ഹസാരി കോടതി രണ്ടാംതവണയും ജാമ്യാവശ്യം നിരസിച്ചു. മേയ് 27ന് ആദ്യ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. മേയ് 13ന് കേജ്‌രിവാളിന്റെ വസതിയിൽ മലിവാളിനെ യാതൊരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചെന്നും തൊഴിച്ചെന്നുമാണ് ബിഭവിനെതിരെയുള്ള ആരോപണം.

Advertisement
Advertisement