കേന്ദ്രത്തിൽ കിംഗ് മേക്കറായി, നായിഡുവിന്റെ ഭാര്യയുടെ സ്വത്ത് 584 കോടി വർദ്ധിച്ചു

Saturday 08 June 2024 12:58 AM IST

ഭുവനേശ്വരിയുടെ കമ്പനിയുടെ ഓഹരി വില 258 രൂപ വർദ്ധിച്ച് 661 രൂപയായി

കൊച്ചി: ആന്ധ്രയിലെ തെലുങ്കുദേശം (ടി.ഡി.പി) മൂന്നാം മോദി സർക്കാരിൽ നിർണായക ശക്തിയാകുമെന്ന് വന്നതോടെ പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ ആസ്തി അഞ്ച് ദിവസത്തിനിടെ 584 കോടി രൂപ വർദ്ധിച്ചു. ഭുവനേശ്വരിക്ക് 24.37% ഓഹരി പങ്കാളിത്തമുള്ള ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികളിൽ നിക്ഷേപ താത്പര്യമേറി.

ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരിവില ഇന്നലെ മാത്രം പത്ത് ശതമാനം ഉയർന്ന് 661 രൂപയിലെത്തി. കമ്പനിയിൽ ഭുവനേശ്വരിക്ക് 2,26,11,525 ഓഹരിയുണ്ട്. മൊത്തം ഓഹരി വില 1500 കോടിയിൽപ്പരം രൂപയായി.

മേയ് 31ന് ദേശീയ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരിവില 402.9 രൂപയായിരുന്നു. പിന്നീടുള്ള അഞ്ച് വ്യാപാരദിനങ്ങളിൽ 258.35 രൂപ വർദ്ധിച്ചു. നേട്ടം 584 കോടി രൂപ ! വോട്ടെണ്ണൽ ദിനത്തിൽ രാജ്യത്തെ മുൻനിര കമ്പനികളെല്ലാം കനത്ത തകർച്ച നേരിട്ടപ്പോഴും ഹെറിറ്റേജ് ഫുഡ്സിന്റെ വില കുതിച്ചുയർന്നിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് കമ്പനിയുടെ ഡയറക്ടറാണ്.

ചന്ദ്രബാബു നായിഡുവിനോട് അടുപ്പമുള്ള കമ്പനികളായ അമാര രാജ, കെ.സി.പി എന്നിവയുടെ ഓഹരിവിലകളിലും വൻകുതിപ്പാണ്. ടി.ഡി.പി മുൻ എം.പി ജയ് ദേവ് ഗല്ല മാനേജിംഗ് ഡയറക്ടറായ അമാര രാജയുടെ ഓഹരിവില ഇന്നലെ പത്ത് ശതമാനം ഉയർന്ന് 1,401 രൂപ കവിഞ്ഞു. അമരാവതിയിലെ കെ.സി.പി ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 13.5 ശതമാനം ഉയർന്ന് 249.10ൽ എത്തി.

Advertisement
Advertisement