മോദിയെ നേതാവായി നിർദ്ദേശിച്ച് എൻ.ഡി.എ

Saturday 08 June 2024 1:04 AM IST

വേദിയായത് സെൻട്രൽ ഹാൾ

ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചരിത്ര പ്രസംഗം നടത്തിയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ യോഗം നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തു.

രാജ്നാഥ് സിംഗാണ് എൻ.ഡി.എ നേതാവായി നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചത്. അമിത് ഷാ നിർദ്ദേശത്തെ പിന്താങ്ങിയതോടെ എം.പിമാരും നേതാക്കളും അടങ്ങിയ സദസ് ഹർഷാരവം മുഴക്കി.

ഒന്നും രണ്ടും സർക്കാരിൽ നിന്ന് വ്യത്യസ്‌തമായി സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു യോഗത്തിന്റെ അന്തരീക്ഷം. തന്റെ പ്രസംഗത്തിൽ 'മോദി' സർക്കാർ എല്ല,​ എൻ.ഡി.എ സർക്കാർ എന്നാണ് മോദി പറഞ്ഞത്.

ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, പ്രൾഹാദ് ജോഷി, അർജ്ജുൻ റാം മേഘ്‌വാൾ എന്നിവർ മോദിയെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു. വേദിക്കു സമീപം വച്ചിരുന്ന ഭരണഘടനയുടെ മാതൃക മോദി കൈയിലെടുത്ത് നെറ്റിയിൽ തൊട്ടു. ഇതിന്റെ ചിത്രം അദ്ദേഹം പിന്നീട് 'എക്‌സി'ൽ പങ്കുവച്ചു. (2014ൽ എൻ.ഡി.എ യോഗത്തിനെത്തിയപ്പോൾ പാർലമെന്റിന്റെ പടികളിൽ തലകുമ്പിട്ടായിരുന്നു മോദിയുടെ തുടക്കം).

സഖ്യ നേതാക്കളായ ചന്ദ്രബാബു നായിഡു(ടി.ഡി.പി), നിതീഷ് കുമാർ(ജെ.ഡി.യു), പവൻ കല്യാൺ(ജനസേന പാർട്ടി), ചിരാഗ് പാസ്വാൻ(എൽ.ജെ.പി), ഏക്‌നാഥ് ഷിൻഡെ(ശിവസേന), അനുപ്രിയ പട്ടേൽ(അപ്‌നാദൾ), ജിതൻ മാഞ്ചി(എച്ച്.എ.എം), എച്ച്.ഡി. കുമാരസ്വാമി(ജെ.ഡി.എസ്), അജിത് പവാർ(എൻ.സി.പി) എന്നവർ വേദിയിലിരുന്നു. മോദിയെ പിന്താങ്ങി അവർ പ്രസംഗിച്ചു.

രാജ്യത്തിന്റെ വികസിത സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ മോദിയെപ്പോലൊരു നേതാവ് അനിവാര്യമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ നഷ്ടമായ സംസ്ഥാനങ്ങളിലും അടുത്ത തവണ എൻ.ഡി.എ ജയിക്കുമെന്ന് നിതീഷ്‌കുമാർ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയിൽ നിന്ന് മോദിക്കൊപ്പം അദ്ധ്യക്ഷൻ ജെ.പി. നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരാണ് വേദിയിലിരുന്നത്. രണ്ടാം മോദി മന്ത്രിസഭയിലെ നിതിൻ ഗഡ്‌കരി, നിർമ്മല സീതാരാമൻ, എസ്. ജയശങ്കർ, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ മുൻനിരയിലിരുന്നു. നേതാവായി തിരഞ്ഞെടുത്ത മോദിയെ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം നേതാക്കൾ ഓരോരുത്തരായി ബൊക്ക നൽകി അഭിനന്ദിച്ചു.

യോഗി ആദിത്യ നാഥ് അടക്കം ബി.ജെ.പി മുഖ്യമന്ത്രിമാർ,​ ഉപമുഖ്യമന്ത്രിമാർ, പാർട്ടി ഭാരവാഹികൾ, സംസ്ഥാന അദ്ധ്യക്ഷൻമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്‌ദുള്ളക്കുട്ടിയും പങ്കെടുത്തു.

Advertisement
Advertisement