 കങ്കണ - ചിരാഗ് ഒത്തുചേരൽ അന്ന് സഹതാരങ്ങൾ ഇന്ന് എം.പിമാർ

Saturday 08 June 2024 1:15 AM IST

ന്യൂഡൽഹി: 13 വർഷങ്ങൾക്കു മുമ്പ് ഒന്നിച്ച് അഭിനയിച്ചു. ഇന്ന് ഒന്നിച്ച് ഭരണതലത്തിൽ എത്തിയിരിക്കുകയാണ് കങ്കണ റണൗട്ടും ചിരാഗ് പസ്വാനും. ഇന്നലെ ഡൽഹിയിൽ നടന്ന എൻ.ഡി.എ മീറ്റിംഗിനെത്തിയ കങ്കണയും ചിരാഗും കണ്ടുമുട്ടിയപ്പോൾ മധുരമുള്ള ഒത്തുചേരലായി. ബി.ജെ.പി ടിക്കറ്റിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ ആദ്യമായി ലോക്സഭയിലെത്തുന്നത്. ലോക് ജനശക്തി പാർട്ടി (രാംവിലാസ്) നേതാവായ ചിരാഗ് ഇത്തവണ ബീഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ ജമൂയി മണ്ഡലത്തിൽ നിന്നുള്ള എം.പിയായിരുന്നു ചിരാഗ്.

ചിരാഗ് മുമ്പ് സിനിമാ അരങ്ങേറ്റം കുറിച്ചത് കങ്കണയ്ക്കൊപ്പമായിരുന്നു. വർഷങ്ങൾക്കുശേഷം ഇരുവരെയും ഒന്നിച്ചു കണ്ടപ്പോൾ ആരാധകരും സന്തോഷത്തിലാണ്. കണ്ടയുടൻ തന്നെ കൈകൊടുത്ത് സൗഹൃദം പങ്കിട്ട ഇരുവരുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

കങ്കണയെ കാണാൻ ആഗ്രഹമുണ്ടെന്ന് ചിരാഗ് നേരത്തെ പറഞ്ഞിരുന്നു. 'ഞാൻ കാണാൻ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്. ഒന്നിച്ച് സിനിമയിൽ പ്രവർത്തിച്ചു. ഇപ്പോൾ പാർലമെന്റിലും. കങ്കണ ശക്തയായ സ്ത്രീയാണ്. പാർലമെന്റിൽ അവളുടെ ശബ്‌ദം കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്.' - കൂടിക്കാഴ്‌ചയ്ക്കു ശേഷം ചിരാഗ് പ്രതികരിച്ചു.

മിലേ നാ മിലേ ഹം

2011ൽ പുറത്തിറങ്ങിയ 'മിലേ നാ മിലേ ഹം " എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ടെന്നീസ് പ്ലെയറുടെ വേഷമായിരുന്നു ചിരാഗിന്. എന്നാൽ സിനിമ പരാജയമേറ്റുവാങ്ങി. ബോക്സ് ഓഫീസിലെ വൻ പരാജയത്തിനുശേഷം ചിരാഗ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനാണ് ചിരാഗ്. അതേ സമയം, കങ്കണ ക്രിഷ് 3, ക്വീൻ, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയവയിലൂടെ സിനിമയിൽ സജീവമായി.

Advertisement
Advertisement