കരുത്തൻ ശശികാന്ത്, കന്നിയങ്കത്തിൽ തിളങ്ങിയ മുൻ ഐ.എ.എസ് ഓഫീസർ

Saturday 08 June 2024 1:49 AM IST

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മത്സരം ചർച്ചയായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രണ്ടു പേരും

സർവീസിൽനിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയവർ. ഒരാൾ സംസ്ഥാനത്ത് കൂടിയ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ മറ്റേയാൾ പരാജയപ്പെട്ടു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയാണ് തോറ്റയാൾ. വൻ വിജയത്തിൽ തിളങ്ങിയത് കോൺഗ്രസ് സംസ്ഥാന കോ -ഓർഡിനേറ്റർ ശശികാന്ത് സെന്തിൽ.

ആദ്യ മത്സരത്തിൽ റെക്കാഡ് ഭൂരിപക്ഷം നേടി ഞെട്ടിക്കുകയും ചെയ്‌തു ഈ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ.

തിരുവള്ളൂർ മണ്ഡലത്തിൽ നിന്ന് 7,96,956 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സ്ഥാനാർത്ഥിയേക്കാൾ 5,72,155 വോട്ടിന്റെ ഭൂരിപക്ഷം. സിവിൽ സർവീസ് പരീക്ഷ ഒമ്പതാം റാങ്കോടെ പാസായ സെന്തിൽ 2009 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.

2019 ൽ രാജി വച്ച് കോൺഗ്രസിലേക്ക്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വാർ റൂമിന്റെ അമരക്കാരനായി. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ സമൂഹ മാദ്ധ്യമ വിഭാഗം കോഓർഡിനേറ്റ‌ർ. പിന്നീടുണ്ടായത് ചരിത്രം.

Advertisement
Advertisement