പ്രതിമ മാറ്റിസ്ഥാപിക്കാൻ നീചമനസിനെ കഴിയു: വേണുഗോപാൽ

Saturday 08 June 2024 1:52 AM IST

ന്യൂഡൽഹി : പാർലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും പ്രതിമ മാറ്റിസ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അനുചിതമാണെന്നും, നീചമായ മനസിന്റെ ഉടമകളായവർക്ക് മാത്രമേ ഇത്തരമൊരു നടപടി സ്വീകരിക്കാൻ കഴിയൂവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള ഒരിടമായിട്ടാണ് ഈ സ്ഥലം പ്രതിപക്ഷപാർട്ടികൾ കണ്ടിട്ടുള്ളത്. ഗാന്ധിജിയുടെയും അംബേദ്കറുടെയും പ്രതിമകൾ അവിടെ സ്ഥിതി ചെയ്യുന്നതു കൊണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ആ പ്രതിമകൾ ജനാധിപത്യത്തിന്റെ തണലാണ്.
ഗാന്ധിജിയും അംബേദ്കറും ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തരമായ വ്യക്തിത്വങ്ങളാണ്. ഇരുവരെയും ലോകരാഷ്ട്രങ്ങൾ ആരാധിക്കുന്നു. പ്രതിമകൾ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെത്തിരെ 'ഇന്ത്യ' സഖ്യത്തിലെ കക്ഷികളുമായി കൂടിയാലോചിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. പ്രതിമകൾ പാർലമെന്റിന്റെ കണ്ണായ ഭാഗത്തുനിന്ന് അവിടുത്തെ വളപ്പിൽ തന്നെ പ്രേരണാ സ്ഥലമെന്ന മൂലയിലേക്കാണ് മാറ്റി സ്ഥാപിച്ചിരിക്കുന്നത്.

Advertisement
Advertisement