ലോക്‌സഭ:തന്റെ അവസാന തിരഞ്ഞെടുപ്പെന്ന് തരൂർ

Saturday 08 June 2024 1:58 AM IST

ന്യൂഡൽഹി: കഴിഞ്ഞത് തന്റെ അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്ന്

ശശി തരൂർ. അടുത്ത തിരഞ്ഞടുപ്പിൽ താൻ മത്സരിക്കില്ലെന്നും യുവാക്കൾക്കായി മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിൽ തന്റെ പരമാവധി ചെയ്തുവെന്ന് കരുതുന്നു. ഒരു ഘട്ടം കഴിയുമ്പോൾ എവിടെ നിർത്തണമെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നും എല്ലാവരും മനസിലാക്കണമെന്ന് വിശ്വസിക്കുന്നു. വോട്ടർമാർക്കായി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. അത് തുടരും.പക്ഷേ ലോക്‌സഭാംഗം അല്ലാതെ തന്നെ പൊതുജീവിതത്തിൽ സേവനമനുഷ്ഠിക്കാനുള്ള വഴികളുണ്ട്.ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സി.പി.എം, സി.പി.ഐ ശക്തി കേന്ദ്രങ്ങളിൽ ബി.ജെ.പി ഒന്നാമതായത് എങ്ങനെയെന്നത് ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. വിജയം വിജയമാണ്. അത് മധുര പലഹാരം പോലെ ആസ്വദിക്കുന്നു.

സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത് ഗൗരവമായി കാണണം. അതേസമയം സുരേഷ് ഗോപി ഒരു സാധാരണ ബി.ജെ.പി സ്ഥാനാർത്ഥിയല്ല.

മതേതര യോഗ്യതകൾ പരസ്യമായി പ്രഖ്യാപിച്ച് ന്യൂനപക്ഷ വോട്ടർമാരെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായത്തെ ആകർഷിച്ചു. മികച്ച സിനിമാതാരം,കോൻ ബനേഗാ ക്രോർപതിയുടെ മലയാളം പതിപ്പിന്റെ അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായെന്നും തരൂർ ചൂണ്ടിക്കാട്ടി.

Advertisement
Advertisement