മികച്ച പ്രകടനം നോക്കി മന്ത്രിസഭാ പ്രവേശനം

Saturday 08 June 2024 2:01 AM IST

ന്യൂഡൽഹി :പൊതുതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമായിരിക്കും മന്ത്രിമാരെ നിശ്ചയിക്കാൻ മോദിയും ബി.ജെ.പി നേതൃത്വവും മാനദണ്ഡമാക്കുന്നതെന്ന് സൂചന. വനിതാ-യുവജന-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും. മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിച്ച, നൂറിൽ നൂറ് ശതമാനം സ്ട്രൈക്ക് റേറ്റുളള ഘടകകക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയേക്കും. ഉത്തർപ്രദേശിൽ മത്സരിച്ച രണ്ടു സീറ്റിലും വിജയം നേടിയ രാഷ്ട്രീയ ലോക്ദളിൽ നിന്ന് (ആ‌.എൽ.ഡി) പാർട്ടി അദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ ജയന്ത് ചൗധരിക്ക് സാദ്ധ്യത കൽപിക്കുന്നു. രണ്ടാം മോദി സർക്കാർ ഭാരതരത്നം നൽകി ആദരിച്ച മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ കൊച്ചുമകനാണ് അദ്ദേഹം. ലോക് ജൻശക്തി പാർട്ടി(രാംവിലാസ്) നേതാവ് ചിരാഗ് പാസ്വാന് ഇടം ലഭിച്ചേക്കും. മത്സരിച്ച അഞ്ചു സീറ്റുകളിലും വിജയിച്ചിരുന്നു. ബീഹാറിന്റെ സുപ്രധാന ദലിത് മുഖമായി ഉയർന്നിരിക്കുകയാണ് ചിരാഗ്. പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും മത്സരിച്ച രണ്ടുസീറ്റുകളിലും ജയിച്ചു.

മികച്ച പ്രകടനം നടത്തിയ ബി.ജെ.പി നേതാക്കൾക്കും കേന്ദ്രമന്ത്രിസഭയിൽ ഇടം നൽകിയേക്കും. എട്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മദ്ധ്യപ്രദേശിലെ വിദിഷയിൽ നിന്ന് ജയിച്ച ശിവരാജ്സിംഗ് ചൗഹാന്റെ പേര് സജീവമാണ്. നാലുതവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി മുൻ ദേശീയ ഉപാദ്ധ്യക്ഷനുമാണ് ചൗഹാൻ. മദ്ധ്യപ്രദേശിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമാണ് ബി.ജെ.പി നടത്തിയത്. അതിന് നേതൃത്വം നൽകിയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ വി.ഡി. ശർമ്മയുടെ പേരും പരിഗണനയിലുണ്ട്. ബീഹാറിൽ നിന്ന് തുടർച്ചയായി മൂന്നുതവണ ജയിച്ച് ലോക്‌സഭയിലെത്തിയ കേന്ദ്രമന്ത്രി നിത്യാനന്ദ റായിക്കും ഇടം കിട്ടുമെന്നാണ് സൂചന. അമിത് ഷായുടെ വിശ്വസ്‌തനാണ്.

 സുഷമ സ്വരാജിന്റെ

മകൾക്ക് സാദ്ധ്യത

ന്യൂഡൽഹി മണ്ഡലത്തിൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥി സോംഭാരതിയെ തോൽപ്പിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിന്റെ പേര് സജീവമായി പരിഗണനയിലുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ സാഗർ മണ്ഡലത്തിൽ നാലരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച ഡോ. ലതാ വാംഖഡെ, മദ്ധ്യപ്രദേശിലെ തന്നെ ധാർ സീറ്റിൽ രണ്ടേകാൽ ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് ജയിച്ച സാവിത്രി താക്കൂർ എന്നിവരുടെ പേരുകളും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ പരിഗണിക്കുന്നുണ്ട്. സാവിത്രി താക്കൂർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നേതാവാണ്.

Advertisement
Advertisement