പാമ്പിന്റെ തലയുള്ള മത്സ്യം, മിസോറിയിൽ മുന്നറിയിപ്പ്

Saturday 08 June 2024 6:56 AM IST

ന്യൂയോർക്ക് : ഒറ്റനോട്ടത്തിൽ പെരുമ്പാമ്പ് ആണെന്ന് തോന്നും. പക്ഷേ, ശരിക്കും ഒരു മത്സ്യമാണ്. പേര് നോർത്തേൺ സ്നേക്ക്‌ഹെഡ്. പേര് പോലെ തന്നെ പെരുമ്പാമ്പിന്റെ ശരീരത്തിലേതു പോലുള്ള പാടുകളുള്ള ത്വക്കും തലയുമാണ് ഇവയ്ക്ക്.

ഇവയെ കണ്ടാൽ ഉടൻ കൊല്ലണമെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് യു.എസിലെ മിസോറിയിലെ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്. ഏഷ്യയിൽ കണ്ടുവരുന്ന സമുദ്ര ജീവികളായ ഇവ മിസോറിയിൽ എങ്ങനെയെത്തി എന്ന് വ്യക്തമല്ല. എന്നാൽ അനുകൂല സാഹചര്യത്തിൽ പെരുകുന്ന ഇവ ഇവിടുത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായ സ്പീഷീസാണ്.

3 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് കരയിൽ ദിവസങ്ങളോളം അതിജീവിക്കാനുള്ള കഴിവുണ്ട്. പൊതുവെ അക്രമ സ്വഭാവമുള്ള ഇവ മിസോറിയിലെ സ്വാഭാവിക മത്സ്യ സ്പീഷീസുകൾക്ക് ഭീഷണിയാണെന്ന് അധികൃതർ പറയുന്നു. 2019 മുതലാണ് ഇവയുടെ എണ്ണം പെരുകിത്തുടങ്ങിയത്.

അക്വേറിയങ്ങളിൽ നിന്നോ മത്സ്യ മാർക്കറ്റുകളിൽ നിന്നോ ഇവയെ ഉപേക്ഷിച്ചിരിക്കാമെന്ന് കരുതുന്നു. മത്സ്യം വലയിലോ ചൂണ്ടയിലോ കുടുങ്ങിയാൽ കരയിൽ ഉപേക്ഷിക്കരുതെന്ന് അധികൃതർ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. പകരം മത്സ്യത്തെ വെട്ടിമുറിക്കുകയോ അല്ലെങ്കിൽ അതിന്റെ തല വേർപെടുത്തുകയോ ചെയ്യാം. പ്ലാസ്റ്റിക് ബാഗിൽ അടച്ചുവയ്ക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement
Advertisement