വിജയക്കുതിപ്പിൽ സ്റ്റാർഷിപ്പ് ; മസ്‌ക്കിന്റെ സ്വപ്‌ന റോക്കറ്റ്

Saturday 08 June 2024 7:13 AM IST

ന്യൂയോർക്ക്:ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച, ലോകത്തെ ഏ​റ്റവും ശക്തമായ റോക്ക​റ്റ്, സ്​റ്റാർഷിപ്പിന്റെ പരീക്ഷണം വിജയിച്ചതിന് സ്പേ‌സ് എക്സ് ജീവനക്കാരെ അഭിനന്ദിച്ച് ഉടമയായ ഇലോൺ മസ്ക്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.20ന് ടെക്സസിലെ ബോക ചികയിലെ സ്റ്റാർ ബേസിൽ നിന്നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം.

നൂറ് സഞ്ചാരിക്കൾക്ക് ഇരിക്കാവുന്ന സ്റ്റാർഷിപ്പ് പേടകം (164 അടി)​,​ സൂപ്പർ ഹെവി ബൂസ്റ്റർ (226 അടി)​ എന്നിവ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ്. വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട സൂപ്പർ ഹെവി 8 മിനിറ്റിൽ മെക്സിക്കോ ഉൾക്കടലിൽ പതിച്ചു. 90 മൈൽ സഞ്ചരിച്ച സ്റ്റാർഷിപ്പ് പേടകം 50 മിനിറ്റിന് ശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങുകയും ഓസ്ട്രേലിയയ്‌ക്ക് പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്തു. ഭൗമാന്തരീക്ഷത്തിലെ ഘർഷണം സൃഷ്‌ടിച്ച കൊടും ചൂടിൽ പേടകത്തിന്റെ താപകവചത്തിലെ ടൈലുകൾ ഇളകിത്തെറിക്കുകയും മറ്റ് കേടുപാടുകൾ പറ്റുകയും ചെയ്‌തു. എങ്കിലും പേടകം സുരക്ഷിതമായി കടലിൽ പതിച്ചു. ന്യൂനതകൾ വരും പരീക്ഷണങ്ങളിൽ പരിഹരിക്കും.

ബൂസ്റ്ററും പേടകവും ഉൾപ്പെടെ പൂർണമായും പുനരുപയോഗിക്കാവുന്ന ലോകത്തെ ആദ്യ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ആദ്യ മൂന്ന് പരീക്ഷണത്തിലും ബൂസ്റ്റർ പൊട്ടിത്തെറിച്ചിരുന്നു. ഇത്തവണ ഒന്നൊഴികെ 32 എൻജിനുകളും പ്രവർത്തിച്ചു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.

------------------------

 സൂപ്പർ കരുത്ത്

 ഉയരം - 394 അടി

ഏറ്റവും ഉയരമുള്ള വിക്ഷേപണ വാഹനം.

യു.എസിന്റെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ് - 365 അടി) തൊട്ടുപിന്നിൽ

 ഭാരം - 5,000 ടൺ

100 പേരെ വഹിക്കും

 ലോകം ചുറ്റാം

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് - 3 മിഷനിൽ സ്റ്റാർഷിപ്പ് ഉപയോഗിക്കും.ഭാവിയിൽ ഭൂമിയുടെ വിവിധ കോണുകളിലേക്കുള്ള യാത്രയും സ്റ്റാർഷിപ്പിന്റെ ലക്ഷ്യമാണ്. ഭൂമിയിൽ എവിടേക്കും വെറും ഒരു മണിക്കൂറിലോ അതിനുള്ളിലോ പറന്നെത്താൻ സ്റ്റാർഷിപ്പിനായേക്കും !

Advertisement
Advertisement