പ്രമുഖ നിർമാതാവും വ്യവസായിയുമായ റാമോജി റാവു അന്തരിച്ചു

Saturday 08 June 2024 7:59 AM IST

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പ് തലവനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരൺ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് റാമോജി റാവു. റാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി റാമോജി റാവു നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാദ്ധ്യമ സംരംഭകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ് എന്നിവ റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉള്‍പ്പെടുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ്.

തെലുങ്ക് സിനിമയിൽ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

കൃഷിയെയും കർഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് റാമോജി റാവു തന്റെ കരിയർ ആരംഭിച്ചത്. 2015ൽ റാമോജി റാവു ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള റാമോജി ഫിലിം സിറ്റിക്ക് സമീപം ഓം സ്പിരിച്വൽ സിറ്റി നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 108 ക്ഷേത്രങ്ങളുടെ പകർപ്പുകൾ ഈ നഗരത്തിലുണ്ടാകും എന്നായിരുന്നു പ്രഖ്യാപനം.

2020ൽ, കൊവിഡ് മഹാമാരി രൂക്ഷമായ കാലത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് രാമോജി റാവു 10 കോടി രൂപ വീതം സംഭാവന നൽകി. വൈറസിനെതിരായ പോരാട്ടത്തിൽ രണ്ട് മുഖ്യമന്ത്രിമാരും വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകൾ നിർമ്മിക്കുന്നതിൽ റാമോജി റാവു ശ്രദ്ധിച്ചിരുന്നു.

Advertisement
Advertisement