കാടിന് നടുവിൽ തടം തിരിച്ച് കൃഷി, നട്ടത് ലക്ഷങ്ങൾ വരുമാനം തരുന്ന ചെടികൾ; പക്ഷേ ആറുമാസം കൊണ്ട് പദ്ധതി പൊളിഞ്ഞു

Saturday 08 June 2024 12:43 PM IST

മണ്ണാർക്കാട്: അഗളി മേഖലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ മുരുഗള ഊരിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കുമാറി പക്കിമലയുടെ അടിവാരത്തുള്ള നീർച്ചാലിന്റെ ഇരുകരകളിലുമായി 34 തടങ്ങളിലായി രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള പല വലുപ്പത്തിലുള്ള 436 കഞ്ചാവ് ചെടികൾ കണ്ടെത്തി.

വിപണിയിൽ ഏകദേശം 8 ലക്ഷത്തോളം മൂല്യമുള്ളതാണ് ഈ ചെടികൾ. കഴിഞ്ഞ ഒരു മാസക്കാലമായി മേൽപ്പടി പ്രദേശങ്ങൾ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുലർച്ചെ നാലുമണിയോടെ വനം വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച റൈഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാർക്കോട്ടിക് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റൈഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എസ്.സുമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ പ്രഭ, ജയദേവൻ ഉണ്ണി, പ്രിവന്റീവ് ഓഫീസർ ഗ്രേഡായ പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ,സുധീഷ് കുമാർ,വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ വിജിനി ഫോറസ്റ്റ് ഓഫീസർമാരായ രംഗസ്വാമി, അബ്ദുൾസലാം എന്നിവർ പങ്കെടുത്തു.

Advertisement
Advertisement