'ഈ പടത്തിൽ ശോഭന വേണ്ട, മറ്റേതെങ്കിലും നടി അഭിനയിച്ചാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു'

Saturday 08 June 2024 1:05 PM IST

മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി ഹിറ്റാക്കിയ ചിത്രമാണ് ' മഴയെത്തും മുൻപെ '. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. മുരളി ഫിലിംസിന്റെ ബാനറിൽ വി.പി മാധവൻ നിർമ്മിച്ച ചിത്രം 1995ലാണ് പുറത്തിറങ്ങിയത്. ഒരു വനിത കോളേജിൽ അദ്ധ്യാപകനായെത്തുന്ന മമ്മൂട്ടിയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് കാസ്റ്റിംഗ് നടന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കമൽ. കൗമുദി മൂവീസിന്റെ പ്രത്യേക പരിപാടിയിലാണ് കമൽ മനസുതുറക്കുന്നത്.

കമലിന്റെ വാക്കുകളിലേക്ക്....
' അന്നത്തെ മമ്മൂക്ക സിനിമകളുടെ വിജയം ചിത്രത്തിന്റെ ഇമോഷണൽ ട്രാക്കായിരുന്നു. മഴയെത്തും മുൻപെയുടെ കഥയൊക്കെ ആയിക്കഴിഞ്ഞപ്പോഴേക്കും കാസ്റ്റിംഗായിരുന്നു പ്രധാന പ്രശ്നം. നായകൻ മമ്മൂക്കയാണെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചു. ശോഭനയുടെ റോളിൽ ഞങ്ങൾ ആദ്യമേ കണ്ടത് ശോഭനയെ തന്നെയായിരുന്നു. മമ്മൂക്ക ഇത് അറിഞ്ഞതോടെ ' ഞാനും ശോഭനയും കൂടെ ഇപ്പോൾ കുറേ പടത്തിൽ ഒരുമിച്ചായി, വേറെ ഏതെങ്കിലും നടിയെ അഭിനയിപ്പിച്ചാൽ മതി'യെന്ന് പറഞ്ഞു. ആ സമയത്ത് മമ്മൂക്ക കുറേ നടികളുടെ പേര് പറഞ്ഞു.

ശോഭന ആ സമയത്ത് ഡാൻസറായിരുന്നു. ഒരു എക്സ്‌പേർട്ട് ഡാൻസറുടെ ക്യാരക്ടറായിരുന്നു. അതുകൊണ്ട് ശോഭന ചെയ്യുമ്പോൾ ആൾക്കാർക്ക് അത് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. തുടർച്ചയായി ഒരേ നായികയോട് അഭിനയിക്കുന്നത് മമ്മൂക്കയ്ക്ക് അത്ര തൃപ്തിയുണ്ടായിരുന്നില്ല'- കമൽ പറഞ്ഞു.

ചിത്രത്തിലേക്ക് ആനി അഭിനയിച്ചതിനെക്കുറിച്ചും കമൽ വെളിപ്പെടുത്തുന്നു.'ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ആനി അമ്മയാണെ സത്യം എന്ന ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചത്. അതിന് ശേഷം മറ്റ് ചിത്രങ്ങളിൽ അഭിനയിച്ചില്ല. ആ ചിത്രം കണ്ടപ്പോൾ ആനിയെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ മമ്മൂക്കയോട് ആനിയുടെ കാര്യം പറഞ്ഞത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടാൽ ആണാണെന്ന് അല്ലേ തോന്നുക. തമാശയായി മമ്മൂക്ക പറഞ്ഞു. നമുക്കും അങ്ങനെ ആണത്വമുള്ള ഒരു പെണ്ണാണ് വേണ്ടതെന്ന് ഞാനും പറഞ്ഞു. ഇപ്പോൾ അത് പൊളിറ്റിക്കൽ ഇൻകറക്റ്റ് ആണ്. അങ്ങനെയാണ് ഞങ്ങൾ ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ ചിത്രമാണ് മഴയെത്തും മുൻപെ '- കമൽ പറഞ്ഞു.

Advertisement
Advertisement