'ഇന്ത്യക്കാർക്ക് തീരുമാനിക്കാം'; മൂന്നാംവട്ടവും പ്രധാനമന്ത്രിയാവുന്ന മോദിയെ അഭിനന്ദിച്ചോയെന്ന ചോദ്യത്തിൽ പാകിസ്ഥാൻ

Saturday 08 June 2024 3:22 PM IST

ഇസ്‌‌ലാമാബാദ്: ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും സൗഹാർദ്ദപരവും സഹകരണപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംവട്ടവും അധികാരത്തിലെത്തുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌‌റ ബലോച്ചിന്റെ പ്രസ്‌താവന.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ പ്രധാനമന്ത്രി മോദിയെ പാകിസ്ഥാൻ അഭിനന്ദിച്ചോ എന്ന ചോദ്യത്തിനും പാക് വക്താവ് മറുപടി നൽകി. രാജ്യത്തിന്റെ നേതൃത്വത്തെക്കുറിച്ച് തീരുമാനിക്കുന്നത് ഇന്ത്യൻ പൗരന്മാരുടെ അവകാശമാണെന്ന് ബലോച്ച് പ്രതികരിച്ചു. അവരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഒന്നും പറയാനില്ല. പുതിയ സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തതിനാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും ബലോച്ച് കൂട്ടിച്ചേർത്തു.

ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും പാകിസ്ഥാൻ എപ്പോഴും സഹകരണ ബന്ധമാണ് ആഗ്രഹിക്കുന്നത്. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ക്രിയാത്മകമായ സംഭാഷണങ്ങളും ഇടപെടലുകളും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ബെലോച്ച് വ്യക്തമാക്കി.

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നാളെ വൈകിട്ട് 7.15നാണ് നടക്കുന്നത്. മോദിക്കൊപ്പം അമ്പതോളം പേരുടെ സത്യപ്രതിജ്ഞയാണ് നിശ്ചയിച്ചിരിക്കുന്നത്. സഖ്യകക്ഷികളിലെ പ്രമുഖരുമുണ്ടാകും. സഖ്യകക്ഷികളുടേതുൾപ്പെടെ പിന്തുണക്കത്തുകൾ രാഷ്ട്രപതി ഭവനിൽ എത്തിയതിന് പിന്നാലെ നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നിയിച്ചിരുന്നു. തുടർന്ന് മോദിയെ നിയുക്ത പ്രധാനമന്ത്രിയായി രാഷ്‌ട്രപതി നിയോഗിക്കുകയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്‌തു. മന്ത്രിമാരുടെ പേരുകൾ സമർപ്പിക്കാനും രാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Advertisement
Advertisement