തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വിജയം; കാളീദേവിക്ക് വിരലറുത്ത് സമർപ്പിച്ച് യുവാവ്

Saturday 08 June 2024 4:36 PM IST

റായ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ജയിച്ചതിൽ വിരലറുത്ത് കാളീദേവിക്ക് സമർപ്പിച്ച് യുവാവ്. ചത്തീസ്‌ഗഡ് സ്വദേശിയായ ദുർഗേഷ് പാണ്ഡെയാണ് (30) വ്യത്യസ്‌ത രീതിയിൽ ബിജെപിയുടെ വിജയം ആഘോഷിച്ചത്.

ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതിനിടെ തുടക്കത്തിൽ കോൺഗ്രസ് മുന്നിലാണെന്നറിഞ്ഞ ദുർഗേഷ് ഏറെ നിരാശനായിരുന്നു. തുടർന്നാണ് കാളീക്ഷേത്രത്തിലെത്തി ബിജെപിക്കായി പ്രാർത്ഥിച്ചത്. തുടർന്ന് എൻഡിഎ മുന്നിലെത്തുകയും 272 സീറ്റുകൾ കടക്കുകയും ചെയ്തതോടെ വീണ്ടും ക്ഷേത്രത്തിലെത്തിയ യുവാവ് ഇടതുകയ്യുടെ വിരലറുത്ത് ദേവിക്ക് സമർപ്പിക്കുകയായിരുന്നു.

വിരലറുത്തതിനുശേഷം തുണികൊണ്ട് മുറിവ് കെട്ടിവയ്ക്കാൻ ശ്രമിച്ചെങ്കിലും രക്തമൊഴുകുന്നത് നിന്നില്ല. തുടർന്ന് യുവാവിന്റെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുറിവ് ഗുരുതരമായിരുന്നതിനാൽ യുവാവിനെ അംബികാപൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. രക്തമൊഴുകുന്നത് നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സ തേടാൻ കാലതാമസമുണ്ടായതിനാൽ യുവാവിന്റെ കൈവിരൽ തിരികെ തുന്നിച്ചേർക്കാൻ സാധിച്ചില്ല. നിലവിൽ യുവാവിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും അപകടനില തരണം ചെയ്തതായും ‌ഡോക്‌ടർമാർ അറിയിച്ചു.

'വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത് കണ്ട് ഞാൻ അസ്വസ്ഥനായിരുന്നു. കോൺഗ്രസ് അനുഭാവികൾ വലിയ ആവേശത്തിലും. തുടർന്നാണ് ഗ്രാമവാസികൾ മുഴുവൻ വിശ്വസിക്കുന്ന കാളി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചത്.

അന്ന് വൈകുന്നേരം ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ വീണ്ടും ക്ഷേത്രത്തിലെത്തി വിരൽ മുറിച്ച് ദേവിക്ക് സമർപ്പിച്ചു. ബിജെപി ഉടൻ സർക്കാർ രൂപീകരിക്കും. പക്ഷേ എൻഡിഎ 400 കടന്നിരുന്നുവെങ്കിൽ ഞാൻ കൂടുതൽ സന്തോഷിക്കുമായിരുന്നു'- ദുർഗേഷ് പറഞ്ഞു.

Advertisement
Advertisement