അനധികൃത സർട്ടിഫിക്കറ്റുകൾക്ക് മദ്യവും പണവും; റവന്യു ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Sunday 09 June 2024 1:39 AM IST

തിരുവനന്തപുരം:അനധികൃത സർട്ടിഫിക്കറ്റുകൾക്ക് മദ്യവും പണവും പാരിതോഷികം വാങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ കുടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടർ പ്രകാശ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യമാണ് ഉത്തരവിറക്കിയത്. തദ്ദേശ വകുപ്പ് ആഭ്യന്തര വിജിലൻസ് പരിശോധനയിലാണിത് കണ്ടെത്തിയത്.

പ്രകാശ് കുമാർ ഓഫീസിലെത്തുന്ന അപേക്ഷകരേയും കൂട്ടി സ്ഥലപരിശോധനയെന്ന പേരിൽ പുറത്തേക്ക് പോകുന്നത് കൈക്കൂലി വാങ്ങാനാണെന്ന് കണ്ടെത്തി.ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇയാൾ അപേക്ഷകരിൽ നിന്നുപണമോ, മദ്യമോ മറ്റ് പാരിതോഷികങ്ങളോ വാങ്ങുന്നതായും കണ്ടെത്തി. ഇത് നൽകാൻ മടിക്കുന്ന അപേക്ഷകർക്ക് ന്യൂനതകൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് വരുത്തി വിലപേശൽ നടത്തി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.

വാങ്ങുന്ന മദ്യം ഓഫീസിലെത്തിച്ച് മറിച്ച് വിൽക്കും. ഉദ്യോഗസ്ഥനെതിരെ സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മൊഴി നൽകിയിട്ടുണ്ട്.കൗൺസിലറുടെ സഹോദരന്റെ അപേക്ഷ തീർപ്പാക്കാനായി കൈക്കൂലി വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അലമാരയിൽ നിന്ന് മദ്യകുപ്പിൽ കണ്ടെത്തിയെന്നും ചാർജ് ഓഫീസർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ചാർജ് ഓഫീസറുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി വൻകിട കെട്ടിടങ്ങൾക്ക് ഓക്യുപൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ചാർജ് ഓഫീസർ അവധിയിൽ പോകുന്ന ദിവസങ്ങളിലാണ് ഓഫീസർക്ക് അനുവദിച്ചിട്ടുള്ള കംപ്യൂട്ടർ പാസ്‌വേഡും യൂസർ നെയിമും ചോർത്തി റവന്യു ഇൻസ്‌പെക്ടർ തട്ടിപ്പ് നടത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയുടെ ഫയലിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ ചാർജ് ഓഫീസർ കഴിഞ്ഞ നവംബറിൽ കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. സെക്രട്ടറി തലത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ ഫയൽ കാണാതായതോടെ അന്വേഷണം നിലച്ചു. ഈ വിവരം ആഭ്യന്തര വിജിലൻസ് സംഘത്തിനും ചോർന്നു കിട്ടി. കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ പരശോധനയിൽ കഴിഞ്ഞ വർഷം കാണാതായ ഫയൽ കെ സ്മാർട് സോഫ്റ്റ് വെയറിൽ റവന്യു ഇൻസ്‌പെക്ടർ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. അനധികൃത കെട്ടിടങ്ങൾക്കുൾപ്പെടെ ഓക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട് .

Advertisement
Advertisement