ആക്രിവ്യാപാരത്തിന്റെ കോടികളുടെ വെട്ടിപ്പ് അന്വേഷണം വ്യാപിപ്പിച്ച് ജി.എസ്.ടി ഇന്റലിജൻസ്

Sunday 09 June 2024 1:53 AM IST

കൊച്ചി: വ്യാജ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ച് ആക്രി വ്യാപാരം നടത്തി കോടികൾ തട്ടിയകേസിൽ അന്വേഷണം കൂടുതൽപ്പേരിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം. തട്ടിപ്പിന്റെ സൂത്രധാരൻ പാലക്കാട് ഓങ്ങല്ലൂർ ഉസ്മാൻ പള്ളിക്കൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങൾ കൂടുതൽ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാനും അറസ്റ്റുകൾക്കും വഴിതുറക്കുമെന്നും ജി.എസ്.ടി വൃത്തങ്ങൾ പറഞ്ഞു.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബുധനാഴ്ചയാണ് ഉസ്മാൻ പള്ളിക്കലിനെ പാലക്കാട് ഓങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചി ജി.എസ്.ടി കമ്മിഷണർ ഓഫീസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. റിമാൻഡിൽ കഴിയുന്ന ഉസ്മാനായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. 15 കോടിയുടെ നികുതിവെട്ടിപ്പ് ഇയാൾ മാത്രം നടത്തിയതായാണ് കണ്ടെത്തൽ.

60 വ്യാജ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ചാണ് ഉസ്മാൻ സംസ്ഥാനാന്തര ആക്രി വ്യാപാരം നടത്തിയിരുന്നത്. മേയ് 23ന് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഉസ്മാന് പിടിവീണത്.തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്ദീപ് സതി സുധയാണ് ആദ്യം അറസ്റ്റിലായത്. ഇയാൾക്ക് സഹായം നൽകിയത് ഉസ്മാനാണെന്നാണ് വിവരം. പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡുകളിൽ 209 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്.

Advertisement
Advertisement