വെള്ളക്കെട്ടിലമർന്ന് നിരത്തുകൾ

Sunday 09 June 2024 1:40 AM IST

നെടുമങ്ങാട്: കാലവർഷം കനത്തതോടെ നിരത്തുകൾ വെള്ളക്കെട്ടിലയി. കോടികൾ ചെലവിട്ട് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അടുത്തിടെ നിർമ്മിച്ച പ്രധാന റോഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓടകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ അധികൃതർ മെനക്കെടാത്തതാണ് വെള്ളക്കെട്ട് വ്യാപകമാവാൻ കാരണമെന്നാണ് ആക്ഷേപം. അന്തർസംസ്ഥാന പാതയായ തെങ്കാശി റോഡിൽ എണിക്കര മുതൽ വഞ്ചുവം വരെ അപകടകരമായ രീതിയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ പെയ്ത മഴയിൽ കല്ലമ്പാറ, കൊല്ലങ്കാവ്, തത്തൻകോട്, ആനാട് എന്നിവിടങ്ങളിൽ ഗതാഗതം താറുമാറായി. തിരക്കേറിയ കൊല്ലങ്കാവിൽ റോഡിന് കുറുകെ രൂപപ്പെട്ട ഗട്ടറിൽ വെള്ളം കെട്ടി നിന്ന് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. ആര്യനാട് ഷൊർളക്കോട് റോഡിൽ കുളവിക്കോണം, നെട്ടിറച്ചിറ ഭാഗങ്ങളിലും വാളിക്കോട് - വട്ടപ്പാറ റോഡിൽ ആക്കോട്ടുപാറയിലും കോളേജ് ജംഗ്‌ഷനിലും വെമ്പായം- പഴകുറ്റി റോഡിൽ ഇരിഞ്ചയം പടിക്കെട്ട് ജംഗ്‌ഷനിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരസഭയിലെ ഇടറോഡുകളിൽ ഭൂരിഭാഗവും കൈത്തോടുകളിലെ വെള്ളം കയറി. നഗരസഭയുടെ റിംഗ് റോഡുകളിൽ പ്രധാനപ്പെട്ട കല്ലിംഗൽ - പറണ്ടോട്- മുക്കോലയ്ക്കൽ റോഡും ഓരത്തെ കൃഷിയിടങ്ങളും വെള്ളക്കെട്ടിലാണ്. പൂവത്തൂർ - ചിറക്കാണി തോട് കരകവിഞ്ഞ് പാറയിൽക്കട -ചിറക്കാണി - ചെട്ടിവിള റോഡിലും ഏലായിലെ ബണ്ടുകൾ അടഞ്ഞ് ചരുവള്ളിക്കോണം - വാണ്ട, ചെല്ലങ്കോട് റോഡുകളും വെള്ളത്തിൽ മുങ്ങി.

Advertisement
Advertisement