തിരഞ്ഞെടുപ്പ് ഫലം നല്ല സൂചനയെന്ന് കോൺഗ്രസ്

Sunday 09 June 2024 12:18 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ സൃഷ്‌ടിച്ച തടസങ്ങൾ മറികടന്ന് ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നല്ല പ്രകടനം കാഴ്‌വച്ചത് നല്ല സൂചനയെന്ന്‌ വിശാല പ്രവർത്തകസമിതി യോഗം. കർണാടകത്തിലും മറ്റും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തത് അടക്കം വീഴ്‌ചകളും മൂന്നുമണിക്കൂർ നീണ്ട യോഗം ചർച്ച ചെയ്‌തു. വീഴ്‌ചകൾ പരിശോധിക്കാൻ സമിതി രൂപീകരിക്കും.

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്രഏജൻസികളുടെ ഭീഷണികളും മറികടന്ന

മികച്ച പ്രകടനം പാർട്ടിക്ക് ആത്മവിശ്വാസം നൽകിയെന്നും യോഗ തീരുമാനങ്ങൾ അറിയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനെയും അതു കഴിഞ്ഞ് എക്‌സിറ്റ് പോളിനെയും നേരിടേണ്ടി വന്നു. മികച്ച പ്രകടനത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിനും പാർട്ടി അണികൾക്കും ഭാരവാഹികൾക്കും വോട്ടു ചെയ്‌ത ജനങ്ങൾക്കും നന്ദി പറഞ്ഞുള്ള പ്രമേയം യോഗം പാസാക്കി. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര ഘടകങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

മോശം പ്രകടനം കാഴ്‌വച്ച സംസ്ഥാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അവിടങ്ങളിലെ ഫലങ്ങൾ സമഗ്രമായി പരിശോധിക്കാൻ ഖാർഗെ കമ്മിറ്റി രൂപീകരിക്കും. മുതിർന്ന നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കും.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ വിളിച്ച വിശാല പ്രവർത്തകസമിതിയിൽ 32 സ്ഥിരം അംഗങ്ങൾ, 26 സ്ഥിരം ക്ഷണിതാക്കൾ, 12

പ്രത്യേക ക്ഷണിതാക്കൾ, കേരളത്തിൽ നിന്ന് വി.ഡി. സതീശൻ അടക്കം 29 പി.സി.സി അദ്ധ്യക്ഷൻമാർ, 22 നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തു.

Advertisement
Advertisement