ഭരണപക്ഷത്തിന്റെ ബുൾഡോസർ നടപടികൾ നടക്കില്ലെന്ന് സോണിയ

Sunday 09 June 2024 12:33 AM IST

ന്യൂഡൽഹി: പ്രതിപക്ഷം ശക്തിയാർജ്ജിച്ച പുതിയ ലോക്‌സഭയിൽ കഴിഞ്ഞ പത്തുവർഷത്തേതുപോലെ പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന ബുൾഡോസർ നടപടികൾ ആവർത്തിക്കാൻ ഭരണപക്ഷത്തെ അനുവദിക്കില്ലെന്ന്

സോണിയാ ഗാന്ധി പറഞ്ഞു.

പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സംസാരിക്കുകയായിരുന്നു സോണിയ.

പാർലമെന്റ് തടസ്സപ്പെടുത്താനോ, അംഗങ്ങൾക്ക് ഉചിതമായ പരിഗണനയും നൽകാതെ മുന്നോട്ടു പോകാനോ, സംവാദമില്ലാതെ നിയമനിർമ്മാണം നടത്താനോ ഭരണകക്ഷിക്ക് ഇനി കഴിയില്ല. 2014 മുതൽ പാർലമെന്ററി സമിതികളെ നോക്കു കുത്തികളാക്കിയ നടപടിയും സാദ്ധ്യമല്ല.

നേതാക്കൾക്കെതിരെ വ്യാജപ്രചാരണം നടത്തിയും പാർട്ടിയുടെ ചരമവാർത്തകൾ എഴുതിയും അപമാനിച്ചിടത്തു നിന്നാണ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌വച്ചത്. എന്നാൽ മുന്നിൽ വെല്ലുവിളികളുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങളുടെ ധ്രുവീകരണവും ശോഷണവും തടയാനും ജാഗ്രത പുലർത്തണം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ അവസരമാണിത്. സി.പി.സി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് വൈകാരികമായ നിമിഷമാണെന്നും സോണിയ പറഞ്ഞു.

Advertisement
Advertisement