മണിപ്പൂരിൽ സംഘർഷം ശക്തം, പൊലീസ് ഔട്ട്‌പോസ്റ്റും വീടുകളും കത്തിച്ചു

Sunday 09 June 2024 12:54 AM IST

ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ ദിവസം കുക്കി വിഭാഗത്തിലെ അക്രമികളിലൊരാൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം വ്യാപകമാകുന്നു. ഇന്നലെ പുലർച്ചെ ജിരിബാം ജില്ലയിൽ അജ്ഞാതരായ അക്രമികൾ പൊലീസ് ഔട്ട്‌പോസ്റ്റും നിരവധി വീടുകളും കത്തിച്ചു. ബരാക് നദിയിലൂടെ നാല് ബോട്ടുകളിലായി എത്തിയ കലാപകാരികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ലാംതായ് ഖുനൂ, ദിബോങ് ഖുനൂ, നുങ്കാൽ, ബെഗ്ര എന്നീ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. നദീതീരത്ത് ചോട്ടോബെക്ര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജിരി പൊലീസ് ഔട്ട്‌പോസ്റ്റാണ് അഗ്നിക്കിരയാക്കിയത്. ഇംഫാലിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള മൊധുപൂർ പ്രദേശമായ ലാംതായ് ഖുനൂവിൽ ഒന്നിലധികം ആക്രമണങ്ങൾ നടന്നു. 70ഓളം വീടുകൾ കത്തിനശിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കുക്കി വിഭാഗത്തിലെ അക്രമികളിൽ ഒരാളായ 59കാരനെയാണ് കഴിഞ്ഞ ദിവസം അക്രമികൾ കൊലപ്പെടുത്തിയത്. ജിരിബാം ജില്ലാ ഭരണകൂടം ജില്ലയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. ഇതോടെ അക്രമം ശക്തമാകുകയായിരുന്നു. പിന്നാലെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തുള്ള മെയ്‌തി വിഭാഗക്കാരായ 250 പേരെ അസാം റൈഫിൾസ് ഒഴിപ്പിച്ചു. ഇവരെ തൊട്ടടുത്ത പട്ടണത്തിലേക്ക് സുരക്ഷിതമായി മാറ്റി. മെയ്‌തികളും കുക്കികളും അധികമില്ലാത്ത ജിരിബാമിൽ കഴിഞ്ഞ വർഷം മേയ് മുതൽ രൂക്ഷമായ കലാപം ബാധിച്ചിരുന്നില്ല.

സംസ്ഥാന സർക്കാർ ജിരിബാം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം. ജിരിബാമിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

- അംഗോംച ബിമോൾ അകോയിജം

ഇന്നർ മണിപ്പൂർ എം.പി (കോൺഗ്രസ്)

Advertisement
Advertisement