മുരളീധരന്റെ മൂന്നാം സ്ഥാനം: പാലം വലി ബൂത്ത് കമ്മിറ്റിയിൽ മുതൽ

Sunday 09 June 2024 1:18 AM IST

തൃശൂർ: ഫലപ്രദമായ തിരഞ്ഞെടുപ്പ് കമ്മിറ്റികളോ ബൂത്ത് കമ്മിറ്റികളോ രൂപീകരിക്കാതെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പാലം വലിച്ചതോടെയാണ് കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന ആക്ഷേപം വീണ്ടും ശക്തമാകുന്നു. ഇതിന്റെയെല്ലാം ബാക്കിപത്രമെന്ന നിലയിലാണ് ഡി.സി.സി ഓഫീസിലെ കൈയാങ്കളിയുമുണ്ടാകുന്നത്. തിരഞ്ഞെടുപ്പിൽ ചിട്ടയായ പ്രചാരണ പ്രവർത്തനവുമുണ്ടായില്ല.
കമ്മിറ്റി ഭാരവാഹികളുടെ പേരുകൾ തോന്നുംപടി എഴുതിക്കൊടുക്കുകയാണ് പലയിടത്തും ചെയ്തത്.
ഒരു നിയമസഭാ മണ്ഡലത്തിലെ എട്ടോളം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റി ഉണ്ടായിരുന്നില്ലെന്ന് ആ മണ്ഡലത്തിന്റെ പ്രചാരണ ചുമതലയുണ്ടായിരുന്നവർ പറഞ്ഞു. 250 ഓളം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റിയില്ലായിരുന്നുവെന്ന് കെ.മുരളീധരൻ പറഞ്ഞിരുന്നതായി മുതിർന്ന നേതാക്കൾ പറഞ്ഞു. അതേസമയം 2023 കമ്മിറ്റികളുണ്ടാക്കിയെന്നാണ് ഔദ്യോഗികമായി കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.
നോട്ടീസ്, പോസ്റ്റർ ഉൾപ്പെടെ പ്രചാരണ സാമഗ്രികൾ സമയത്തെത്തിച്ചില്ല. പ്രചാരണം അവസാനിക്കുന്നതിന് തലേന്നാണ് ചിലയിടങ്ങളിൽ സാമഗ്രികളെത്തിയത്. കെട്ടിക്കിടന്ന പ്രചാരണസാമഗ്രികൾ വോട്ടെടുപ്പിന്റെ തലേന്നെത്തിച്ച സംഭവങ്ങളുമുണ്ടായി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് മുരളീധരൻ പ്രചാരണത്തിനിറങ്ങാൻ വൈകി. പാർട്ടി കെട്ടിപ്പടുക്കുന്നതിലല്ല, സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നതിലാണ് പല നേതാക്കൾക്കും താത്പര്യം. പ്രധാന നേതാക്കൾക്കെല്ലാം സ്വന്തം ഗ്രൂപ്പുണ്ട്. മോശമായി പ്രവർത്തിക്കുന്ന അഞ്ചോളം ഡി.സി.സി പ്രസിഡന്റുമാരെ മാറ്റി പകരക്കാരെ കണ്ടെത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല. മാറ്റുന്നവരുടെ പട്ടികയിൽ തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ഉൾപ്പെട്ടിരുന്നു. നേതാക്കളിൽ ചിലരുടെ ആരോഗ്യ പ്രശ്‌നത്തെ തുടർന്നാണ് തീരുമാനം നടക്കാതിരുന്നത്.

തളർന്ന് പാർട്ടി, വളർന്ന് ഗ്രൂപ്പിസം

കരുണാകരന്റെയും എ.കെ.ആന്റണിയുടെയും ഗ്രൂപ്പുകൾ ജില്ലയിൽ സജീവമായിരുന്നപ്പോൾ ജില്ലയിൽ പാർട്ടി വളർന്നിരുന്നു. മികച്ച പ്രവർത്തനവും ഉണ്ടായിരുന്നു. പാർട്ടി താത്പര്യമില്ലാത്ത ഗ്രൂപ്പുകളാണ് ഇന്നത്തേതെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. സ്വയം വലുതാകാനും താൻപോരിമ കാണിക്കാനുമാണ് ശ്രമം. ഡി.സി.സി പ്രവർത്തനം സുതാര്യമല്ലെന്നും ആക്ഷേപമുണ്ട്.

Advertisement
Advertisement