പിസ കഴിച്ച കുട്ടി മരിച്ചു, സ്കൂളിനെതിരെ രക്ഷിതാക്കൾ

Sunday 09 June 2024 6:56 AM IST

ന്യൂയോർക്ക്: സ്കൂളിൽ വച്ച് പിസ കഴിച്ച 11കാരി മരിച്ചു. ജനുവരി 17ന് യു.എസിലെ ടെക്സസിലായിരുന്നു സംഭവം. എമേഴ്സൺ കേറ്റ് കോൾ എന്ന കുട്ടിയാണ് മരിച്ചത്. പാൽ ഉത്പന്നങ്ങളോടുള്ള അലർജിയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. സ്കൂളിൽ വച്ച് അസ്വസ്ഥതകൾ നേരിട്ട കുട്ടിക്ക് സ്കൂൾ അധികൃതർ തന്നെ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. ചുമയും ശ്വാസംമുട്ടലും നേരിട്ടതോടെ വീട്ടിലേക്ക് ഫോൺ വിളിച്ച് അമ്മയുടെ അനുവാദത്തോടെ കുട്ടിക്ക് ബെനാഡ്രിൽ മരുന്ന് നൽകി. എന്നാൽ, കുട്ടി ഉടൻ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി രണ്ട് ദിവസങ്ങൾക്ക് ശേഷം മരിച്ചു.

അതേ സമയം, സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി രക്ഷിതാക്കൾ സ്കൂളിനെതിരെ കേസ് നൽകി. കഴിഞ്ഞ ദിവസമാണ് കുടുംബം നിയമ നടപടികൾ ആരംഭിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിൽ തങ്ങളുടെ മകളെ നഷ്ടപ്പെടില്ലായിരുന്നു എന്ന് രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടിയ്ക്ക് അലർജിയുണ്ടെന്ന വിവരം സ്കൂളിൽ അറിയിച്ചിരുന്നതാണെന്നും ഇവർ പറയുന്നു.

Advertisement
Advertisement