ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ്  മാർ  കൂറിലോസിന് പിന്തുണയുമായി സിപിഎം നേതാവ്

Sunday 09 June 2024 9:51 AM IST

ആലപ്പുഴ: യാക്കോബായ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാടിന് പരസ്യപിന്തുണയുമായി സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ പ്രകാശ് ബാബു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതി പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടകൻ ഗീവർഗീസ് മാർ കൂറിലോസായിരുന്നു.

ഉറച്ച നിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞിരുന്നു. നിലപാടുകളിൽ ഉറച്ച് മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ ഇടതനുകൂലികൾക്കിടയിലും അമർഷം നിലനിൽക്കുന്നുണ്ട്.ഇതിനോടകം തന്നെ അതൃപ്തി പ്രകടിപ്പിച്ച് നിരവധിപ്പേർ സോഷ്യൽ മീഡിയകളിലും കുറിപ്പിട്ടു.

ഇടതുപക്ഷക്കാരനായി അറിയപ്പെടുന്നയാളാണ് മാർ കൂറിലോസ്. അദ്ദേഹമുയർത്തിയ വിമർശനം ക്രിയാത്മകമായി കാണാതെ വ്യക്തിപരമായി ആക്ഷേപിച്ചത് ശരിയായില്ലെന്നാണ് പാർട്ടിയിലുളളവർ കുറ്റപ്പെടുത്തുന്നത്. മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തവരുമുണ്ട്. 'ജനങ്ങളെ സേവിക്കുന്ന ജോലിവിട്ട് വേറെയെന്തെങ്കിലും ചെയ്യാൻ ഏത് നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ ശരിപ്പെടുത്തും' എന്ന് പറയുന്ന ഭാഗമാണിത്.

മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് തിരുവല്ലയിലെ പരിസ്ഥിതി പരിപാടിക്ക് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 'വ്യക്തിപരമായ വിമർശനങ്ങളോട് മുൻപും ഞാൻ പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. ഞാൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റ് അവിടെത്തന്നെയുണ്ട്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.