യുവതിയെ കാണാതായത് മൂന്ന് ദിവസങ്ങൾക്ക് മുൻപ്, അന്വേഷണത്തിൽ കണ്ടെത്തിയത് വമ്പൻ പെരുമ്പാമ്പിന്റെ വയറ്റിൽ

Sunday 09 June 2024 10:36 AM IST

ജക്കാർത്ത:കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി പ്രവിശ്യയിലെ കലംപാംഗ് ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 45കാരിയായ ഫരീദയെ പതിനാറടി നീളമുളള പെരുമ്പാമ്പ് വിഴുങ്ങുകയായിരുന്നു. പെരുമ്പാമ്പിനെ വെളളിയാഴ്ചയാണ് തിരച്ചിൽ സംഘം കണ്ടെത്തിയത്.

നാല് കുട്ടികളുടെ മാതാവായ ഫരീദയെ വ്യാഴാഴ്ച രാത്രിയോടെയാണ് കാണാതായത്. യുവതിക്കായി തിരച്ചിൽ നടത്തിയിരുന്നതായി ഗ്രാമത്തലവൻ സുരാദി റോസി വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. തിരച്ചിൽ നടത്തുന്നതിനിടയിൽ ഭർത്താവാണ് യുവതി ഉപയോഗിച്ചിരുന്ന ചില സാധനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംശയം തോന്നി തിരച്ചിൽ ഊർജിതമാക്കിയപ്പോഴാണ് എന്തിനെയോ വിഴുങ്ങിയ നിലയിൽ വിശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയതെന്നും സുരാദി പറഞ്ഞു. തുടർന്ന് തിരച്ചിൽ സംഘം പെരുമ്പാമ്പിന്റെ വയർ കീറി പരിശോധിച്ചപ്പോഴാണ് ഫരീദയുടെ തല കണ്ടെത്തിയത്.

ഇന്തോനേഷ്യയിൽ ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സമാന സംഭവങ്ങൾ നടന്നുവരുന്നുണ്ട്. കഴിഞ്ഞ വർഷം സുലാവേസി പ്രവിശ്യയിലെ തന്നെ മ​റ്റൊരു ഗ്രാമമായ ടിനാംഗേയയിലും സംഭവം നടന്നു. എട്ടടി നീളമുളള ഒരു പെരുമ്പാമ്പ് കർഷകനെ പൂർണമായും വിഴുങ്ങിയിരുന്നു.അതേവർഷം തന്നെ സുലവേസിയിലെ ഒരു കർഷകനെയും എണ്ണപ്പന തോട്ടത്തിൽ നാല് മീറ്റർ നീളമുളള പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങിയിരുന്നു. 2018ൽ മുന ടൗണിലെ 54 വയസുളള സ്ത്രീയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.