'ഡികെ ശിവകുമാർ വന്നപ്പോൾ കേൾവിക്കാർ 200പേർ, പത്മജയ്ക്ക് പണി കൊടുത്തവർ എന്നെയും കാലുവാരി'

Sunday 09 June 2024 11:56 AM IST

വിജയത്തിൽ അമിതാഹ്ലാദം കോൺഗ്രസിനു വേണ്ട, തൃശ്ശൂരും തിരുവനന്തപുരവുമില്ലെങ്കിൽ സംസ്ഥാന ഭരണം കിട്ടില്ല. വയനാട്ടിലെ കാര്യം രാഹുൽ തീരുമാനിക്കട്ടെ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുവരെ സജീവ രാഷ്ട്രീയത്തിലേക്കില്ല, പത്മജയ്ക്ക് പണി കൊടുത്തവർ എന്നെയും കാലുവാരി. പേരിന് മൂന്നു നേതാക്കളൊഴിച്ചാൽ ആരും തൃശ്ശൂരിലേക്ക് ഇറങ്ങിയില്ല, തൃശ്ശൂരും തിരുവനന്തപുരവും പാർട്ടി അഴിച്ചു പണിയണം. ജയിക്കാനുള്ള സന്ദർഭങ്ങൾ പിണറായി എന്നും ഒരുക്കുമെന്ന് കരുതരുത്.... തൃശ്ശൂരിലെ കനത്ത തോൽവിക്കു ശേഷം മൗനത്തിലായ കെ. മുരളീധരൻ കേരള കൗമുദിയോട് പറഞ്ഞു. പ്രസക്തഭാഗങ്ങളിൽ നിന്ന്:

 തൃശ്ശൂരിൽ തോറ്റതോ തോൽപിച്ചതോ?

അതിലൊരു ചർച്ചയും തലയുരുളലും ഇനി ആവശ്യമില്ല. തോറ്റതാണ്, പക്ഷെ തോൽപിച്ചതും. തൃശ്ശൂരിലിറങ്ങുമ്പോൾ കിട്ടിയ ആവേശം പിന്നീടുണ്ടായില്ല. പാർട്ടി അവിടെ നിർജീവമായിരുന്നു. ഗുരുവായൂരിൽ ഒ.കെ ആയിരുന്നു. അതിന്റെ ഫലവുമുണ്ടായി. ബാക്കിയെല്ലാം നനഞ്ഞ പടക്കങ്ങളായിരുന്നു. സുരേഷ് ഗോപിക്കായി മോദി എത്തിയത് മൂന്നുതവണ. അമിത്ഷായും വന്നു. എനിക്കായി വന്നത് നട്ടുച്ചയ്ക്ക് 12 മണിക്ക് ഡി.കെ.ശിവകുമാർ. കേൾവിക്കാർ 200 പേർ. പിന്നെ സതീശനും ചെന്നിത്തലയും ഓരോ യോഗങ്ങളിൽ വന്നു. പക്ഷെ അതിന്റെ ഒരു ഫോളോ അപ്പും ഉണ്ടായില്ല. പാർട്ടി നേതൃത്വമാണെങ്കിൽ പൊതുവേ നിർജീവവും. എങ്കിലും എന്റെ തോൽവിയുടെ പേരിൽ തൃശ്ശൂരിൽ ഇനിയൊരു സംഘർഷവും തലയുരുളലും വേണ്ട.

 വയനാട്ടിലേക്ക് പരിഗണിക്കുന്നെന്നാണ് വിവരം...

വയനാട്ടിലെ കാര്യം തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. അവിടെ പ്രിയങ്ക വരില്ലേ! അതുസംബന്ധിച്ച് ഒന്നും പറയാനില്ല. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പുവരെ ഞാൻ വിശ്രമത്തിലാണ്. അവിടെ ഇറങ്ങും. കാരണം അത് സാധാരണ പാർട്ടി പ്രവർത്തകർ മത്സരിക്കുന്ന തിരഞ്ഞെടുപ്പാണ്.

 കെ.സുധാകരൻ മുന്നോട്ടുവച്ച ഫോർമുല എന്താണ്?

സുധാകരൻ ഒരു ഫോർമുലയും മുന്നോട്ടുവച്ചില്ല. മുരളീധരൻ എന്തുപറഞ്ഞാലും പാർട്ടി കൂടെയുണ്ടെന്നുപറഞ്ഞു.

 കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഓഫർ ചെയ്‌തോ?

തൽക്കാലം അതിനൊന്നും ഞാനില്ല. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുവരെ സുധാകരൻ മാറേണ്ട സാഹചര്യമില്ല. കേരളത്തിൽ ഇത്രയും വലിയ വിജയം നേടിയതിനു പിന്നിൽ സുധാകരന്റെ നേതൃത്വമാണ്. അത് വിലകുറച്ചു കാണാനാവില്ല. അദ്ദേഹം നയിച്ച സമരാഗ്നി തിരഞ്ഞെടുപ്പിനു മുമ്പ് വലിയ ഓളമായിരുന്നു.

 അമിതാഹ്ലാദം കോൺഗ്രസിന് വേണ്ടെന്നു പറഞ്ഞത്...

കേരളത്തിൽ 18 മണ്ഡലങ്ങൾ സ്വന്തമാക്കിയെങ്കിലും അമിതാഹ്ലാദത്തിൽ കാര്യമില്ല. തൃശ്ശൂരും തിരുവനന്തപുരവുമാണ് പാർട്ടിയെ എക്കാലവും ഭരണത്തിലേറ്റുന്ന നിയമസഭാ മണ്ഡലങ്ങളുള്ളത്. അവിടെയെല്ലാം ബി.ജെ.പി വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് വരെ ബി.ജെ.പി അടിച്ചു കയറിയിട്ടുണ്ട്. തിരുവനന്തപുരത്തും അതാണ് സ്ഥിതി. തൃശ്ശൂരിലേയും തിരുവനന്തപുരത്തേയും ജില്ലാകമ്മറ്റികൾ അഴിച്ചു പണിയേണ്ടതുണ്ട്. അത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മുതൽക്കൂട്ടാവും.

 ഏട്ടനെ തൃശ്ശൂർ കാലുവാരുമെന്ന് പത്മജ പറഞ്ഞിരുന്നു...

പത്മജ എന്തു പറഞ്ഞു എന്നതല്ല. പക്ഷെ അക്കാലത്തെ കാലുവാരലിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അത് എന്തിന്റെ പേരിലാണെന്നത് പാർട്ടിയാണ് പരിശോധിക്കേണ്ടത്. അത്തരം കാര്യങ്ങൾ പരിശോധിക്കാതെ മുന്നോട്ടു പോകുന്നത് ഗുണകരമാവില്ല. അതേ സമയം പത്മജയുടെ ബി.ജെ.പി പ്രവേശനം എന്റെ തോൽവിയെ ബാധിച്ചിട്ടില്ല.

 പിണറായി സർക്കാറിനെതിരെയുള്ള ജനവിധിയാണോ കേരളത്തിൽ?

കേരളത്തിലെ ജനവിധി ആർക്കെതിരെയാണെന്ന് പറയുന്നില്ല. അതേസമയം എല്ലാ കാലത്തും പിണറായി സർക്കാർ നൽകുന്ന സൗജന്യങ്ങൾകൊണ്ട് ജയിച്ചുകയറാമെന്ന് കരുതരുതെന്ന് മാത്രമാണ് നിർദ്ദേശം. ആരെങ്കിലും വെടക്കാവുമ്പോൾ നന്നാവേണ്ടതല്ല കോൺഗ്രസ്. സ്വയം നല്ലതെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടേണ്ടതാണ്.

Advertisement
Advertisement