"മമ്മൂക്ക പോലും പറഞ്ഞു; തമാശ പറയണമെങ്കിൽ ജാതിയും മതവും കൊടിയുമൊക്കെ നോക്കേണ്ട അവസ്ഥയായി"

Sunday 09 June 2024 12:27 PM IST

കലാകാരന്മാർക്ക് രാഷ്ട്രീയം, മതം, വർഗം, കൊടി എന്നിവയൊന്നും പാടില്ലെന്ന അഭിപ്രായക്കാരനാണ് താനെന്ന് നടൻ ബാബുരാജ്. പുതിയ ചിത്രമായ 'ലിറ്റിൽ ഹാർട്സിന്റെ' പ്രമോഷൻ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിനിമ ഞാൻ ഇന്നലെ മൂന്ന് തീയേറ്ററുകളിൽ കണ്ടു. ഞാൻ കുറച്ച് നാളായി കോമഡി എന്നതിൽ നിന്ന് കുറച്ച് മാറി നിൽക്കുന്നു. ഈ മൂന്ന് തീയേറ്ററുകളിലും ഒരേ സീനിൽ ചിരി. നമ്മളൊക്കെ സിനിമയിൽ വന്ന സമയത്ത്, മെട്രോയിലുള്ള ആളുകളുടെ ചിരിയും സാധാരണ തീയേറ്ററിലെ ചിരിയും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. മെട്രോയിലുള്ളവർ ചിരിക്കാൻ ഇത്തിരി പാടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. എല്ലായിടത്തും ഗംഭീര ചിരിയാണ്. വളരെ സന്തോഷമുണ്ട്.

ആ സന്തോഷത്തിനൊപ്പം ഞാൻ എന്റെ ചെറിയ ദു:ഖം കൂടി പങ്കുവച്ചോട്ടെ. 1994ൽ സിനിമയിൽ വന്നയാളാണ് ഞാൻ. പക്ഷേ 2024 ആയപ്പോൾ എന്റെ മനസിനകത്തൊരു വിഷമം. സിനിമയ്ക്ക് അല്ലെങ്കിൽ കലാകാരന് രാഷ്ട്രീയം, മതം, വർഗം, കൊടി ഇതൊന്നും പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ.

വളരെ തെറ്റാണ്. ഞങ്ങളുടെ സിനിമയിൽ ഷെയ്ൻ നിഗം എന്ന മുസ്ലീം സമുദായത്തിൽപ്പെട്ട ആള് മാത്രമല്ല ഉള്ളത്. ഒരു ക്രിസ്ത്യാനി ഉണ്ട്, ഹിന്ദു ഉണ്ട്, പണിക്കർ ഉണ്ട്, ഈഴവർ ഉണ്ട്, എല്ലാവരും ഉണ്ട്. ഇതിൽ പൈസ മുടക്കിയ സാന്ദ്രയുടെ പൈസയ്ക്ക് നിറമില്ല, മതമില്ല, കൊടിയില്ല, ഒന്നുമില്ല. ഇതൊന്നും ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല. എന്തെല്ലാം സ്റ്റേറ്റ്‌മെന്റുകളാണ് ഇടുന്നത്. അത് തെറ്റാണ്. കലാകാരന്, അല്ലെങ്കിൽ സിനിമാക്കാരന് അതൊരിക്കലും പാടില്ല, അല്ലെങ്കിൽ ഒരിക്കലുമില്ല. എന്തെല്ലാം വിവാദങ്ങളുണ്ടായി.

നിങ്ങൾക്കൊരു കാര്യമറിയാമോ? ഉണ്ണി മുകുന്ദൻ എന്ന് പറയുന്ന ഞങ്ങളുടെ സുഹൃത്തിന് ഞാൻ ഈ സിനിമയുടെ ട്രെയിലർ അയച്ചുകൊടുത്തു. ഉണ്ണി എനിക്ക് വോയ്സ് മെസേജ് അയച്ചു. ബാബു ചേട്ടാ, ഒരു സോൾട്ട് ആൻഡ് പെപ്പറിന്റെ ഫീലടിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ കലാകാരന്മാരെ തെറ്റിക്കാൻ നിങ്ങൾ നോക്കണ്ട, നടക്കില്ല. അത് ഇതുമായി കൂട്ടിക്കുഴക്കരുത്.

ഇതിന്റെ പേരിൽ എന്തെല്ലാം വിവാദമുണ്ടായാലും, വിഷമത്തോടുകൂടി പറയുകയാണ്. അത് പാടില്ല. ഞങ്ങൾക്ക് തരുന്ന സ്‌ക്രിപ്റ്റ് എന്താണോ, ഞങ്ങളെ എന്തിനാണോ നിയോഗിച്ചിരിക്കുന്നത് അത് പറയാൻ, പ്രവർത്തിക്കാൻ, അഭിനയിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങൾ. അതിനുള്ള തുക വാങ്ങിയിരിക്കുന്ന ആൾക്കാരാണ് ഞങ്ങൾ. അതുകൊണ്ട് ഞങ്ങളെ അങ്ങനെ കൂട്ടരുത്. ചിരിയുടെയും സന്തോഷത്തിന്റെയുമിടയിൽ എന്റെ വിഷമം പങ്കുവയ്ക്കുകയാണ്. ഞാൻ ഇത് എല്ലാവരോടും പറഞ്ഞു.

ഈയിടക്ക് മമ്മൂക്ക പോലും പറഞ്ഞു. നമുക്കൊരു തമാശ പറയണമെങ്കിൽ, അല്ലെങ്കിൽ നമുക്കൊരാളോട് എന്തെങ്കിലും പറയണമെങ്കിൽ അവന്റെ ജാതിയും മതവും കൊടിയും രാഷ്ട്രീയവുമൊക്കെ നോക്കേണ്ട അവസ്ഥയായി. പാടില്ല. ഞങ്ങളെ വെറുതെ വിടൂ. പ്ലീസ്'- ബാബുരാജ് പറഞ്ഞു.

Advertisement
Advertisement