ഹരിതകർമസേനാംഗങ്ങളുടെ പെരുമാറ്റത്തിൽ പരാതിയുണ്ടോ? ഒറ്റ ക്ലിക്കിൽ കാര്യം നടക്കും; വരാൻപോകുന്നത് വമ്പൻ മാറ്റങ്ങൾ

Sunday 09 June 2024 12:47 PM IST

അത്തോളി: ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനുള്ള ഹരിത മിത്രം മൊബൈൽ ആപ്പ് അത്തോളിയിലും പ്രവർത്തനം തുടങ്ങി. മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും സംസ്ഥാന സർക്കാരിന് വേണ്ടി ഹരിത മിഷനാണ് ആപ്പ് പുറത്തിറക്കിയത്.

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്റെ പൂർണരൂപം. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഹരിത കർമ്മ സേനാംഗങ്ങളോ ഓക്‌സിലറി ഗ്രൂപ്പോ ക്യു ആർ കോഡ് പതിക്കും.

ഈ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വീട് അല്ലെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർ ഫീ, യൂസർ ഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ എന്നിവ ലഭിക്കും.

ഹരിത കർമ്മ സേന പ്രവർത്തകരുടെ പെരുമാറ്റം, വീട്ടുകാർ, സ്ഥാപന നടത്തിപ്പുകാർ എന്നിവരുടെ ഹരിത കർമ്മ സേനയോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ആപ്പിൽ ലഭിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും വരിസംഖ്യ അടക്കാനുമുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്.

ഹരിത മിത്രം ആപ്പ് സംസ്ഥാനതലം മുതൽ വാർഡ് തലം വരെ മോണിറ്റർ ചെയ്യുവാൻ സാധിക്കും. അത്തോളി പഞ്ചായത്തിലെ വീടുകളിൽ ക്യൂ ആർ കോഡ് പതിക്കുന്ന പ്രവർത്തനം തുടങ്ങി. ഇതിനായി ഓരോ വാർഡിലും രണ്ടു പേരെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ പറഞ്ഞു.

Advertisement
Advertisement