'അന്ന് അഭിനയം തൊഴിലാക്കിയവർക്ക് സമൂഹം ഒരു പേര് ചാർത്തി കൊടുത്തു, അമ്മയറിയാതെയാണ് നടിയായത്'

Sunday 09 June 2024 3:04 PM IST

അമ്മയറിയാതെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെന്ന് സിനിമാ സീരിയൽ നടിയും നാടക അഭിനേത്രിയുമായ സീമാ ജി നായർ. കുട്ടിക്കാലത്ത് കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചിരുന്നുവെന്നും താരം പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സീമാ ജി നായർ വെളിപ്പെടുത്തലുകൾ നടത്തിയത്.

'ഒരു സാധാരണയിൽ സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. കുട്ടിക്കാലത്ത് അമ്മ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. ദിവസങ്ങളോളം കഴിഞ്ഞിട്ടായിരിക്കും അമ്മ തിരികെ വീട്ടിലേക്ക് വരുന്നത്. ഞങ്ങൾക്ക് ഓണമോ ക്രിസ്തുമസോ അങ്ങനെ ഒരു ആഘോഷവുമില്ലായിരുന്നു. അപ്പോഴൊക്കെ കൂട്ടുകാരുടെ വീട്ടിൽ നിന്നായിരിക്കും ഭക്ഷണം കഴിക്കുന്നത്. അമ്മ നാടകം കഴിഞ്ഞ് വരുന്ന ദിവസങ്ങളിൽ വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടാകും. പലരും സഹായം ചോദിച്ചുവരുന്നതാണ്. അമ്മ കൈയിലുളള പണവും കൂടാതെ മ​റ്റുളളവരിൽ നിന്ന് കടം വാങ്ങിയും അവരെ സഹായിച്ചിട്ടുണ്ട്.

പല പെൺകുട്ടികളുടെയും കല്യാണത്തിന് അമ്മ സഹായിച്ചിട്ടുണ്ട്. എന്നാൽ ചേച്ചിയുടെ വിവാഹമായപ്പോൾ കാൽ പവന്റെ സ്വർണം കൊടുക്കാനുളള സാമ്പത്തികശേഷി പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് വലിയ സന്തോഷമൊന്നുമുണ്ടായിരുന്നില്ല. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഞാനൊരു ഗായികയായിരുന്നു. അഭിനയം എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഞങ്ങൾ അഭിനയ രംഗത്തേക്ക് കടന്നുവരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നില്ല. കാരണം അഭിനയരംഗത്തെത്തിയപ്പോൾ സമൂഹത്തിൽ നിന്നും ഒരുപാട് കുത്തുവാക്കുകൾ അമ്മ കേൾക്കാനിടയായിട്ടുണ്ട്. ചീത്ത സ്ത്രീയാണെന്നുവരെ ആളുകൾ പേര് ചാർത്തി കൊടുത്തു.

ആ അവസ്ഥ മക്കൾക്ക് ഉണ്ടാകരുതെന്ന് അമ്മ ആഗ്രഹിച്ചു. പഠിക്കാൻ മിടുക്കിയല്ലാത്തതുകൊണ്ട് അന്ന് വലിയ ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു. ഒന്നുകിൽ ജനറൽ നഴ്സിംഗ് അല്ലെങ്കിൽ മ്യൂസിക് ടീച്ചർ. തൃപ്പൂണിത്തുറ മ്യൂസിക് കോളേജിൽ ചേർന്ന് ഒരു വർഷം കഴിയുമ്പോഴാണ് നാടകത്തിൽ എത്തുന്നത്. അമ്മയറിയാതെയാണ് നാടകത്തിന് അഭിനയിക്കാൻ പോയത്. ഞാൻ അഭിനയിച്ച ആദ്യ നാടകം തന്നെ ഹി​റ്റായി. നാടകത്തിൽ സുഷിമോൾ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. അതിനൊരുപാട് ആരാധകർ ഉണ്ടായി. പല സ്ഥലത്തുനിന്നും ആളുകൾ എന്നെ കാണാനെത്തി. അങ്ങനെ മ്യൂസിക് ടീച്ചറാകണമെന്ന് ആഗ്രഹിച്ച എന്റെ ജീവിതം മാറാൻ തുടങ്ങി. ഞാൻ നടിയായതിൽ അമ്മ ഒരുപാട് വിഷമിച്ചു'-സീമാ ജി നായർ പറഞ്ഞു.

Advertisement
Advertisement